പ്രകൃതി ഭംഗി തുടിച്ചു നില്‍ക്കുന്ന ദ്വീപ്; ഈ ദ്വീപ് വാങ്ങുന്ന ആരും അധിക കാലം ജീവിച്ചിരിക്കാറില്ല…  

 

 

ഇറ്റലി :ദ്വീപുകള്‍ എന്നും പ്രകൃതിയിലെ വിസ്മയ കാഴ്ചകളാണ്. ശാന്തവും സുന്ദരവുമായ ദ്വിപിലെ ഇടങ്ങള്‍ സഞ്ചാരികളുടെ ഇഷ്ട താവളവുമാണ്. ലോകത്തിലെ പല രാജ്യങ്ങളും മനോഹരമായ ദ്വീപുകളാല്‍ അനുഗ്രഹീതവുമാണ് . സവിശേഷമായ ഭുപ്രകൃതിയാല്‍ അക്കുട്ടത്തില്‍ എറ്റവും മികവറ്റു നില്‍ക്കുന്ന ദ്വീപുകളിലൊന്നാണ് ഇറ്റലിയിലെ ഗ്വയോള ദ്വീപുകള്‍. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഈ കൊച്ചു ദ്വീപിന്റെ ഉടമസ്ഥവകാശം കുറച്ചു കാലം മുന്‍പ് വരെ പല സ്വകാര്യ വ്യക്തികള്‍ കൈമാറി കൈമാറി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ദ്വീപ് അവിടത്തെ പ്രാദേശിക ഭരണകൂടത്തിന്റെ അധികാര പരിധിയിലാണ്. ഇവ സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരാന്‍ ചില കാരണങ്ങളുമുണ്ട് . ഈ ദ്വീപിന്റെ അവകാശികളായിട്ടുള്ള ഒരു വ്യക്തിയും അതിന് ശേഷം അധിക കാലം ഈ ലോകത്ത് വാഴില്ല എന്നതാണ് ഇതിന് പിന്നിലെ രഹസ്യം. ഈ ദ്വീപിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുടെ കഥകള്‍ ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. 1920 ല്‍ ഈ ദ്വീപിന്റെ അധിപനായിരുന്ന സ്വിസ് ഹാന്‍സ് ബ്രൗണിനേയും ഭാര്യയേയുമാണ് ആദ്യം ഈ ദ്വീപില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. സ്വിസ് ഹാന്‍സ് ബ്രൗണിന്റെ മൃതദേഹം കിടന്നിരുന്നത് നിലത്ത് വിരിക്കുന്ന പായയില്‍ ചുരുട്ടിയ നിലയിലായിരുന്നു. അടുത്തതായി ഈ ദ്വീപ് വാങ്ങിയ വ്യക്തി ഹൃദയാഘാതം വന്ന് മരിച്ചു. പിന്നെ ഈ ദ്വീപ് വാങ്ങിയ വ്യക്തി മാനസിക രോഗാശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. അതിന് ശേഷം ഈ ദ്വീപ് സ്വന്തമാക്കിയ യുവതിയുടെ മകന്‍ അധികം വൈകാതെ തന്നെ ആത്മഹത്യ ചെയ്തു ഇങ്ങനെ അപകട മരണങ്ങള്‍ തുടര്‍ കഥയായപ്പോള്‍ ആരും തന്നെ ഈ ദ്വീപ് ഏറ്റെടുക്കാന്‍ വരാതെയായി. അവസാനം സര്‍ക്കാര്‍ തന്നെ ഈ ദ്വീപിനെ ഏറ്റെടുത്തു. ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആയിര കണക്കിന് സഞ്ചാരികളാണ് ദിവസവും ഈ ദ്വീപ് കാണാന്‍ എത്തിചേരാറുള്ളത്.എന്നാല്‍ ആര്‍ക്കും ഈ ദ്വീപില്‍ ഒരു രാത്രി കഴിച്ച് കൂട്ടുവാനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല. നേരം ഇരുട്ടി തുടങ്ങുമ്പോഴേക്കും സുരക്ഷാ അധികൃതര്‍ സന്ദര്‍ശകരെ ഇവിടെ നിന്നും ഇറക്കും.

Top