ഹാഫിസ് സയീദിന്റെ ജമാഅത്ത് ദുവയെ പാകിസ്താന്‍ നിരോധിച്ചു; മസൂദ് അസ്ഹറിന്റെ സഹോദരനും മകനും വീട്ടുതടങ്കലില്‍

ഭീകരസംഘടനയായ ജമാഅത്ത് ദുവയെ നിരോധിച്ചെന്ന് പാകിസ്താന്‍. സംഘടനയുടെ തന്നെ ഭാഗമായിട്ടുള്ള ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ളതാണ് ഈ സംഘടനകള്‍. 1997 ലെ ഭീകരവിരുദ്ധ നിയമ പ്രകാരമാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.നിരോധനമേര്‍പ്പെടുത്തിയ സംഘടനകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ മകന്‍ ഹമദ് അസര്‍, അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുര്‍ റൗഫ് എന്നിവരടക്കം 44 പേരെ പാകിസ്താന്‍ കരുതല്‍ തടങ്കലിലാക്കി.

ഭീകരസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണു നടപടിയെന്നു പാകിസ്താന്‍ ആഭ്യന്തര സഹമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രിദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞയാഴ്ച ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ജയ്ഷിനെതിരേ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്നും അദ്ദേഹത്തിന് ഗുരുതരമായ രോഗമുണ്ടെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. മസൂദിനെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖുറേഷി പറഞ്ഞിരുന്നു. അതേസമയം, 44 പേരെ കരുതല്‍ തടങ്കലിലാക്കിയത് ഏതെങ്കിലും സമ്മര്‍ദത്തിന്റെ ഫലമല്ലെന്നും പാകിസ്താന്‍ മുന്‍കൈയെടുത്തു ചെയ്തതാണെന്നും മന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രിദി പറഞ്ഞു. ഇരു സംഘടനകളെയും നിരോധിക്കുമെന്നു ഫെബ്രുവരി 21ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.

എന്നാല്‍ പാകിസ്താന്റെ നാഷണല്‍ കൗണ്ടര്‍ ടെററിസം അഥോറിറ്റി(എന്‍സിടിഎ)യുടെ വെബ്‌സൈറ്റില്‍ ജെയുഡിയെയും എഫ്‌ഐഎഫിനെയും ഇപ്പോഴും നിരീക്ഷണ പട്ടികയിലുള്ള സംഘടനകളായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Top