ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ വിസ ഇളവ്

ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ വിസ ഇളവ് അനുവദിക്കുമെന്ന് ജാപ്പനീസ് എംബസി. ഒന്നിലധികം തവണ പ്രവേശനം സാധ്യമാകുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമാവുക. അടുത്ത വര്‍ഷം ജനുവരിയോടെ തന്നെ വിസ ഇളവ് ലഭ്യമാകുമെന്ന് ജാപ്പനീസ് എംബസി വ്യക്തമാക്കി. ഒരു കൊല്ലത്തിനിടെ രണ്ടിലധികം തവണ ജപ്പാന്‍ സന്ദര്‍ശിച്ചവര്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് യോഗ്യതയുണ്ട്. മൂന്ന് മാസം വരെയും ഈ വിസ കാലാവധിയില്‍ തങ്ങാം. ഇതിനായി വിസ അപേക്ഷയും പാസ്‌പോര്‍ട്ടും മാത്രം സമര്‍പ്പിച്ചാല്‍ മതി. വിനോദ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കുമാണ് വിസ ഇളവ് കൂടുതല്‍ ഗുണകരമാവുക. വിസ അപേക്ഷകളെ ലഘൂകരിക്കുന്നതിനോടൊപ്പം അര്‍ഹരായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്ന് എംബസി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുവാന്‍ പുതിയ നടപടി ഉപകരിക്കുമെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സിംഗിള്‍ എന്‍ട്രി വിസ നടപടികളിലും ജപ്പാന്‍ ഇളവ് വരുത്തിയിരുന്നു.

Top