
കൊച്ചി: തന്റെ സിനിമകളിലൂടെ അഴിമതിക്കും സമൂഹനന്മക്കുംവേണ്ടി ഇടപെടാറുള്ള നടന്‍ ജയസൂര്യ കായല്‍ കയ്യേറി വീണ്ടുനിര്‍മ്മിച്ച കേസില്‍ കുടുങ്ങി. എറണാകുളം കൊച്ചി കടവന്ത്രയില്‍ ജയസൂര്യ ചെലവനൂര്‍ കായല്‍ കയ്യേറി മതിലും സ്വകാര്യ ബോട്ട് ജെട്ടിയും നിര്‍മ്മിച്ചെന്നാണ് ആരോപണം.
മൂന്നേമുക്കാല്‍ സെന്റോളം ജയസൂര്യ കയ്യേറിയതായാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ജയസൂര്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കയ്യേറ്റം സംബന്ധിച്ച് കോര്‍പ്പറേഷന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകനായ ഗീരീഷ് ബാബു കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കണയനൂര്‍ താലൂക്ക് സര്‍വെയര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം കണ്ടെത്തിയത്. കേസ് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിക്ക് കൈമാറി അടുത്ത ആഴ്ച്ച കേസ് പരിഗണിക്കും.