പിതാവ് പീഡിപ്പിച്ചിരുന്നതായി പ്രമുഖ വനിതാ ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍

ടെന്നീസ് കളിച്ചുതുടങ്ങിയപ്രായം മുതല്‍ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതായി പ്രമുഖ വനിതാ ടെന്നീസ് താരമായിരുന്ന ജെലേന ദോക്കിക്കിന്റെ വെളിപ്പെടുത്തല്‍. യൂഗോസ്ലാവിയയില്‍ ജനിച്ച് ഓസ്‌ട്രേലിയയ്ക്കുവേണ്ടി ടെന്നീസ് കളിച്ചിരുന്ന ജെലേന ഒരുകാലത്ത് വനിതാ ടെന്നീസില്‍ നാലാം റാങ്കുകാരിയായിരുന്നു. 2000ത്തില്‍ വിംബിള്‍ഡണ്‍ സെമിയിലെത്തിയതാണ് മികച്ച നേട്ടം. അടുത്തയാഴ്ച പുറത്തിറക്കാന്‍ പോകുന്ന ആത്മകഥയിലാണ് ജലേന പിതാവിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. താന്‍ ടെന്നീസ് പരിശീലിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍ പിതാവ് ദാമിര്‍ ദോക്കിക് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ജെലേന പറയുന്നു. ജെലേനയെ കുട്ടിക്കാലം മുതല്‍ ടെന്നീസ് പരിശീലിപ്പിച്ചത് പിതാവായിരുന്നു. പരിശീലനത്തിനിടയില്‍ ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങിയിരുന്നത്. മുടിയും ചെവിയും ശക്തിയായി പിടിച്ചുവലിക്കുക. മുഖത്തടിക്കുക, തെറിവാക്കുകള്‍ ഉച്ചരിക്കുക തുടങ്ങി സമാനതകളില്ലാത്ത പീഡനമായിരുന്നു ടെന്നീസ് പഠനമെന്ന് ഇപ്പോള്‍ പരിശീലകയായ ജേലേന വെളിപ്പെടുത്തി.
2000ത്തില്‍ വിംബിള്‍ഡണ്‍ സെമിയില്‍ ലിന്‍ഡ്‌സെ ഡാവന്‍ പോര്‍ട്ടിനോടാണ് ജെലേന തോറ്റത്. തോല്‍വിക്കുശേഷം ക്രൂരമായിരുന്നു പിതാവിന്റെ പെരുമാറ്റം. അന്നേദിവസം കുടുംബാംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുവരേണ്ടെന്ന് നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്ന് വിംബിള്‍ഡള്‍ കളി നടക്കുന്ന സ്‌റ്റേഡിയത്തില്‍ തന്നെ താമസിക്കേണ്ടിവന്നെന്നും ജലേന പറഞ്ഞു. ചെറുപ്രായത്തിലുണ്ടായ ഇത്തരം ആഘാതങ്ങള്‍ തന്റെ ജീവിതത്തെ വളരെയേറെ ബാധിച്ചുവെന്നും ടെന്നീസ് താരം വ്യക്തമാക്കി.

Top