ചരിത്ര നഗരമായ അല്‍ബലദിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചു. അല്‍ ഖുംസാനി, അല്‍ അഷ് വാമി, അബ്ദുല്‍ ആല്‍ തുടങ്ങിയ കെട്ടിട സമുച്ഛയങ്ങളിലാണ് തീ പടര്‍ന്നു പിടിച്ചത്.
ചരിത്ര പ്രധാന്യമുള്ള കെട്ടിടങ്ങളുടെ പലഭാഗങ്ങളും നിലംപൊത്തി. മലയാളികള്‍ ഉള്‍പ്പെടെ നിറയെ ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങളാണിത്. എന്നാല്‍ സംഭവത്തില്‍ ആളപായം ഉണ്ടായതായി അറിവില്ല.
80 ശതമാനം തീയും നിയന്ത്രണ വിധേയമാക്കാനായതായി സിവില്‍ ഡിഫന്‍സിന്റെ അഗ്നി ശമന വിഭാഗം അറിയിച്ചു. ചിലയിടങ്ങളില്‍ തീ ഇപ്പോഴും പടരുന്നതായി റിപ്പോര്‍ട്ടുണ്ട്.
സുരക്ഷ മുന്‍നിര്‍ത്തി തീപ്പിടിച്ച കെട്ടിടങ്ങളുടെ സമീപ സ്ഥലങ്ങളിലുള്ളവരെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു.
ജിദ്ദയിലെ ചരിത്ര കേന്ദ്രമായ അല്‍ ബലദ് മക്ക, മദീന തുടങ്ങിയ തീര്‍ഥാടക നഗരങ്ങളിലേക്കുള്ള പ്രധാന കവാടം കൂടിയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.