ദില്ലി: അമ്മ മകനെയും മകൻ തിരിച്ചും ചുംബിക്കുന്നതിനെ സെക്സ് ആണോ ?ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാനെ പിന്തുണച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. അമ്മ മകനെയും മകൻ തിരിച്ചും ചുംബിക്കുന്നതിനെ സെക്സ് എന്ന് പറയാന്‍ കഴിയുമോ…
അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒരു പ്രസ്താവനയാണെന്നും ആസംഖാന് ക്ഷമാപണം നടത്താം എന്നാല്‍ രാജി വെക്കേണ്ടതിന്‍റെ ആവശ്യമില്ലെന്നും ജിതന്‍ റാം മാഞ്ചി പറഞ്ഞു.
സഹോദരനും സഹോദരിയും കണ്ടു മുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നു. അമ്മ മകനെ ചുംബിക്കുന്നു. മകന്‍ അമ്മയെയും ചുംബിക്കുന്നു. അതിനെ സെക്സ് എന്ന് പറയാന്‍ കഴിയുമോ’ പാര്‍ലമെന്‍റില്‍ ആസംഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ നിരവധിപ്പേരാണ് ആസംഖാനെതിരെ രംഗത്തെത്തിയത്. രാജ്യത്തെ ഒരോ സ്ത്രീകളെയുമാണ് അദ്ദേഹം അവഹേളിച്ചതെന്നും മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി രമാദേവിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.