സുപ്രീംകോടതിയിലെ നവോത്ഥാന പുരുഷൻ വിരമിച്ചു!..ചട്ടം ഭേദഗതി ചെയ്ത് സീനിയർ പദവി; പിന്നീടു നേരിട്ട് സുപ്രീംകോടതി ജഡ്ജി

ന്യൂഡൽഹി : സുപ്രീംകോടതിയുടെ ചരിത്രത്തിൽ എന്നും ഓർത്തുവെക്കാൻ സാധ്യതയുള്ള പേരുകളിൽ ഒന്നായ ജസ്റ്റിസ് റോഹിന്റൻ നരിമാൻ വിരമിച്ചു . ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ നാഴികകല്ലായ പല സുപ്രധാന വിധികളുടെയും ഭാഗമായിരുന്നു രോഹിന്റൻ നരിമാൻ. 2014 ജൂലൈ ഏഴിനായിരുന്നു അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. ഏഴ് വർഷങ്ങൾക്കിപ്പുറം സുപ്രീം കോടതിയുടെ പടിയിറങ്ങുമ്പോൾ ചെറുതും വലുതുമായ ഒരുപിടി ചരിത്ര വിധികൾ അദ്ദേഹത്തോടൊപ്പം വരും കാലത്തും ചേർത്തു വായിക്കപ്പെടും.വ്യക്തി സ്വാതന്ത്ര്യവും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ നീതിന്യായ ചരിതത്തിലെ നിര്‍ണായകമായ വിധിപ്രസ്താവങ്ങള്‍ നടത്തിയ ജസ്റ്റിസ് എന്നാണു റോഹിന്റൻ ഫാലി നരിമാന്‍ അറിയപ്പെടുന്നത് . രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനെന്ന നിലയിലും പരമോന്നത കോടതിയിലെ ന്യായാധിപനെന്ന നിലയിലും തന്‍റെ കര്‍ത്തവ്യങ്ങള്‍ നിര്‍ഭയമായി നിര്‍വഹിച്ചാണ് ജസ്റ്റിസ് ആർ.എഫ്.നരിമാന്‍ സുപ്രീംകോടതിയുടെ പടികളിറങ്ങുന്നത്. നീതിന്യായ വ്യവസ്ഥയ്ക്ക് ധീരനായ കാവല്‍ക്കാനെ നഷ്ടമായെന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസ് നരിമാന്‍റെ വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്.

ശബരിമല യുവതീ പ്രവേശനം, മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ നരിമാന്റെ വിധി പ്രസ്താവനകൾ പല വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു. ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ മകനാണ് ആര്‍ എഫ് നരിമാന്‍ എന്ന റോഹിന്റൻ നരിമാൻ. 37-ാം വയസിലാണ് അദ്ദേഹം സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത്. വക്കീൽ കുപ്പായത്തിലും പല സുപ്രധാന കേസുകളിൽ അദ്ദേഹത്തിന്റെ ഇടപ്പെടൽ ശ്രദ്ധേയമായിരുന്നു. പിന്നീട് ന്യായാധിപനായപ്പോഴും അത് തുടർന്നു. മൂർച്ചയുള്ളതും പരുഷമായതും നിർഭയവുമായ വിധി പ്രസ്താവനകൾ അദ്ദേഹത്തെ അടയാളപ്പെടുത്തി. പല ഭരണഘടനാ ബെഞ്ചുകളിലെയും അംഗമെന്ന നിലയിൽ, ചില സുപ്രധാന വിധികളിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവന രാജ്യത്തിന്റെ പരിണമിച്ച നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ നിലനിൽക്കും. ചരിത്രം, തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം എന്നിവയിൽ അഗാധമായ താൽപ്പര്യമുള്ള വ്യക്തിയാണ് റോഹിന്റൻ നരിമാൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായിരുന്ന ആര്‍.എഫ്.നരിമാന്‍ 2014 ജൂലൈ ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായത്. നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അഞ്ചാമത്തെ അഭിഭാഷകന്‍. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച നിയമജ്ഞരില്‍ ഒരാളായ ഫാലി എസ്.നരിമാന്‍റെ മകനാണ് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍. ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്സില്‍നിന്ന് ബി.കോം ബിരുദം നേടിയ നരിമാന്‍ ഡല്‍ഹി സർവകലാശാലയില്‍നിന്ന് നിയമത്തില്‍ ബിരുദം നേടി. ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നന്നായിരുന്നു എല്‍എല്‍എം നേടിയത്.</p>

ഒരുവര്‍ഷം ന്യൂയോര്‍ക്കില്‍ മാരിടൈം ലോയില്‍ പ്രക്ടീസ് ചെയ്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങി. അഭിഭാഷകനെന്ന നിലയില്‍ ചെറിയ പ്രായത്തില്‍ തന്നെ പേരെടുത്ത ആര്‍.എഫ്.നരിമാന് 37ാം വയസ്സില്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷക പദവി നല്‍കി. സീനിയര്‍ അഭിഭാഷകനാകാന്‍ 45 വയസ്സ് പ്രായം ആകണമെന്ന ചട്ടം ഭേദഗതി ചെയ്തായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് വെങ്കടചലയ്യ, നരിമാനെ സീനിയര്‍ അഭിഭാഷകനാക്കിയത്. 2011 ജൂലൈ 23 മുതല്‍ 2013 ഫെബ്രുവരി 4വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു.

ഏഴ് വര്‍ഷത്തെ ന്യായാധിപ ജീവിതത്തില്‍ 13,565 കേസുകളില്‍ തീര്‍പ്പുണ്ടാക്കി. അഞ്ഞൂറിലധികം വിധിപ്രസ്താവങ്ങള്‍ നടത്തി. ഇവയില്‍ പലതും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തെ മാറ്റിമറിച്ച വിധിപ്രസ്താവങ്ങളായിരുന്നു. ന്യായാധിപനെന്ന നിലയില്‍ ജസ്റ്റിസ് നരിമാന്‍ തന്‍റെ മുദ്ര പതിപ്പിച്ച ആദ്യത്തെ കേസ് ഐടി നിയമത്തിലെ 66 എ വകുപ്പ് ചോദ്യം ചെയ്തുള്ളതായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരം നല്‍കുന്ന ഈ വകുപ്പ് റദ്ദാക്കി ജസ്റ്റിസ് നരിമാന്‍ 2015 മാര്‍ച്ച് 24ന് പുറപ്പെടുവിച്ച വിധി അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടന ഉറപ്പുനല്‍കുന്ന ഉദാത്തമായ അവകാശത്തിന്‍റെ അന്തസത്ത അടിവരയിടുന്നതായിരുന്നു.

മലയാളികള്‍ക്ക് ജസ്റ്റിസ് നരിമാന്‍ സുപരിചിതനാകുന്നത് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള വിധിയോടെയാണ്. യുവതി പ്രവേശത്തെ അനുകൂലിച്ച ഭൂരിപക്ഷ വിധിയോടു യോജിച്ച് പ്രത്യേക വിധിപ്രസ്താവം തന്നെ ജസ്റ്റിസ് നരിമാന്‍ നടത്തി. മതസ്വതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25ാം അനുഛേദം ഒരേ മതത്തിലുള്ള മറ്റൊരു വിഭാഗത്തിന്‍റെ ആരാധനാ സ്വാതന്ത്ര്യം ചവിട്ടിമെതിക്കുന്നതിനുള്ള ലൈന്‍സല്ലെന്ന് വിധിയില്‍ ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി. യുവതീ‌പ്രവേശം അനുവദിച്ചുള്ള വിധികള്‍ക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാന്‍ അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിച്ചപ്പോള്‍ ഇതിനോട് വിയോജിച്ച് വിധിയെഴുതിയതും ജസ്റ്റിസ് നരിമാനായിരുന്നു.

ഭരണഘടനയാണ് രാജ്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥമെന്നും ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യന്‍ പൗരന്മാര്‍ മുന്നോട്ട് പോകേണ്ടത് ഈ വിശുദ്ധ ഗ്രന്ഥം കയ്യിലേന്തിയായിരിക്കണമെന്നും വിധിയില്‍ ജസ്റ്റിസ് നരിമാന്‍ രാജ്യത്തെ ഓര്‍മിപ്പിച്ചു. മതാചാരങ്ങള്‍ ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്ക് അതീതമല്ലെന്ന നിലപാട് മുത്തലാഖ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചുള്ള വിധിയിലും ജസ്റ്റിസ് നരിമാന്‍ ഉയര്‍ത്തിപ്പിടിച്ചു. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377 റദ്ദാക്കിയ അഞ്ചംഗ ബെഞ്ചിലും സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച ഒമ്പതംഗ ബെഞ്ചിലും ജസ്റ്റിസ് നരിമാനുണ്ടായിരുന്നു.

കോടതിക്ക് അകത്തും പുറത്തും തന്റെ സ്ഥാനമുറപ്പിക്കാൻ സാധിച്ച വ്യക്തിത്വം എന്ന നിലയിൽ കൂടിയാണ് ജസ്റ്റിസ് നരിമാൻ സാധാരണക്കാർക്ക് ഇടയിൽ പോലും സുപരിചിതനാകുന്നത്. സാധാരണക്കാരെ ഏറെ സ്വാധീനിക്കുന്ന വിധികളിലൂടെയും അദ്ദേഹത്തിന്റെ പേര് നിറഞ്ഞു നിന്നു. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് കാത്ത് സൂക്ഷിച്ച അദ്ദേഹം അത് തുറന്ന് പറയാനും മടി കാണിച്ചട്ടില്ല. നരിമാൻ ഒരു നിയുക്ത പാർസി പുരോഹിതനാണ്, അത് അദ്ദേഹത്തെ ഒരു ന്യായാധിപനെന്ന നിലയിൽ വ്യത്യസ്തനാക്കുന്നു. ജസ്റ്റിസ് നരിമനും തന്റെ സമുദായത്തിലെ മറ്റേതൊരു പുരോഹിതനെയും പോലെ ശ്രീകോവിലിലേക്ക് (അകത്തെ ഭാഗം) പ്രവേശിക്കാൻ കഴിയും. തന്റെ പുസ്തകത്തിൽ, നരിമാന്റെ പിതാവും പ്രമുഖ നിയമജ്ഞനുമായ ഫാലി എസ് നരിമാൻ, അദ്ദേഹത്തിന്റേത് “പുരോഹിത കുടുംബം” ആയതിനാൽ, മകൻ 12 വയസ്സുള്ളപ്പോൾ തന്നെ പുരോഹിതനായി നിയമിക്കപ്പെട്ടുവെന്ന് ഭാര്യ ഉറപ്പുവരുത്തിയിരുന്നതായി പറയുന്നു. ജസ്റ്റിസ് നരിമാൻ തന്റെ സഹോദരി അനഹീതയുടെ നവജ്യോത് ചടങ്ങ് മുംബൈയിൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജസ്റ്റിസ് നരിമാന്റെ ഏഴ് വർഷത്തെ ഭരണകാലത്തെ വിധിന്യായങ്ങൾ നമ്മുടെ സാമൂഹികവും നിയമപരവുമായ നിരവധി ആശയക്കുഴപ്പങ്ങൾക്കുള്ള പരിഹാരമായിരുന്നു. ശിക്ഷിക്കപ്പെട്ട തടവുകാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിലാണ് കേൾക്കേണ്ടതെന്നും ജഡ്ജിമാരുടെ ചേംബറിന്റെ നാല് ചുമരുകൾക്കുള്ളിലല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വിധിയെ തുടർന്ന് സുപ്രീം കോടതി നിയമങ്ങൾ ഭേദഗതി ചെയ്തു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 എ അദ്ദേഹം റദ്ദാക്കി. സർക്കാരിന് അപ്രിയമായിരുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങൾക്ക് ആളുകളെ ജയിലിലേക്ക് അയയ്ക്കാൻ അധികാരമുണ്ടായിരുന്ന ചട്ടമാണ് അദ്ദേഹം റദ്ദാക്കിയത്. ശ്രേയ സിംഗാൾ കേസിലെ വിധിയിൽ ജസ്റ്റിസ് നരിമാൻ പറഞ്ഞു, “അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ ഉടമ്പടിയുടെ പെട്ടകമാണ്, കാരണം അതിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് പൊതു വിമർശനം അനിവാര്യമാണ്.” മനുഷ്യന്റെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ വിധിന്യായം വിശേഷിപ്പിക്കപ്പെട്ടു. ഭരണഘടനയിൽ മൗലികാവകാശമായി സ്വകാര്യത വായിക്കപ്പെടാനുള്ള വഴിയൊരുക്കി.

സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന വിധിയിലൂടെ ഇന്ത്യയുടെ നിയമചരിത്രത്തില്‍ ഒരു മഴവില്‍ മുഹൂര്‍ത്തം സൃഷ്ടിച്ചു. അന്തസ്സോടെ ജീവിക്കാൻ എൽജിബിടിക്യൂ സമൂഹത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശിക്ഷാ നിയമം ഭർത്താവിനെ ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പുകളുടെ ‘ലൈസൻസറാക്കി’ എന്ന് പറഞ്ഞ് അയാൾ വ്യഭിചാര കുറ്റം നിരോധിച്ചു. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് വിലക്കാനാവില്ലെന്ന് പറഞ്ഞ ബെഞ്ചിലെ ഭൂരിപക്ഷത്തിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് നരിമാൻ. പിന്നീട്, കേസ് പുനഃപരിശോധനയ്ക്ക് വന്നപ്പോൾ, അദ്ദേഹത്തിന്റെ വിയോജിപ്പ് അദ്ദേഹത്തിന്റെ മുൻ ഭൂരിപക്ഷ അഭിപ്രായത്തെപ്പോലെ തിളങ്ങി.

അയോധ്യ ബെഞ്ചിലെ അദ്ദേഹത്തിന്റെ അഭാവവും വ്യക്തമായിരുന്നു. മുത്തലാഖ് വിഷയത്തിലും അദ്ദേഹത്തിന്റെ വിധിന്യായം ഏറെ ശ്രദ്ധേയമായി. ഏറ്റവും ഒടുവിൽ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനാൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട വിധിയും ഇന്ത്യൻ ജനാധിപത്യത്തിൽ മറ്റൊരു ചരിത്രം ഏടാകും. സിപിഐഎമ്മും എന്‍സിപിയും അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണം. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡിയു, രാഷ്ട്രീയ ജനദാതള്‍, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ ഒരു ലക്ഷം കെട്ടിവയ്ക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അക്കൗണ്ടിലാണ് പിഴത്തുക കെട്ടിവയ്‌ക്കേണ്ടത്.ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.

Top