
കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പോലീസ് പിടികൂടി.
ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ ഇയാൾ കത്തിച്ചത്. സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറയിൽ അക്രമണ ദൃശ്യങ്ങൾ കണ്ടെടുത്തു.
പുഴാതിയിൽ ഒരു പഴയ കെട്ടിടത്തിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് വളഞ്ഞു പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഷമീമിന്‍റെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
മയക്കുമരുന്ന് – ഗുണ്ടാ കേസുകളിലെ പ്രതിയായ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിക്കുന്നത് പതിവാണ്
നേരത്തെ സോഷ്യൽ മീഡിയയിലുടെ പോലീസിനെ അക്രമിക്കുമെന്ന് പറഞ്ഞ ഷമീമിനെ പോലീസ് പുതിയ തെരുവിലെ താമസ സ്ഥലത്തു കയറി അറസ്റ്റു ചെയ്തിരുന്നു. കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം
കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാരുമായി ഷമീം തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇയാളുടെ വാഹനം പിടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വാഹനം വിട്ടുകൊടുക്കാതെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഷമീം ഇയാളുടെത് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിച്ചത്. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.