ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തിയ ക്ലാസ്‌മേറ്റ്‌സ് മലയാളക്കരയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. 2006 ഓഗസ്റ്റ് 31 നായിരുന്നു പൃഥ്വിരാജിനെയും കാവ്യ മാധവനെയും നായിക നായകന്മാരാക്കി ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്‌മേറ്റ്‌സ് വരുന്നത്. റോമന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രത്തിന് ജെയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു തിരക്കഥ ഒരുക്കിയത്. കാവ്യ മാധവനായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ നായിക. കഥ കേട്ടപ്പോള്‍ കാവ്യയ്ക്ക് റസിയ എന്ന വേഷം അവതരിപ്പിക്കാനായിരുന്നു താല്‍പര്യം. അത് തുറന്ന് പറഞ്ഞതോടെ താന്‍ കാവ്യയോട് ദേഷ്യപ്പെട്ടെന്നും അതിന്റെ പേരില്‍ കാവ്യ കരഞ്ഞതിനെ കുറിച്ചും ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്ലാസ്‌മേറ്റ്‌സ് ഓര്‍മ്മകളെ കുറിച്ച് സംവിധായകന്‍ മനസ് തുറന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനെ ഞാന്‍ ഏല്‍പ്പിച്ചു.
കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല. അതിനിടെ ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് കാര്യമെന്താണെന്ന് തിരക്കി.
ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി. കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാള്‍ റസിസയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യയ്ക്ക് മനസിലാകുന്നില്ല. ഞാന്‍ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല. നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം. അതും കൂടി കേട്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി.
ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസില്ലാ മനസോടെ സമ്മതിച്ചു. വലിയൊരു രാഷ്ട്രീയക്കാരന്റെ മകളായ താരയും യുവരാഷ്ട്രീയ പ്രവര്‍ത്തകനായ സുകുവും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയിലെ ശ്രദ്ധേയമായ കാര്യം. ഉണ്ടക്കണ്ണിയെ കുറിച്ച് സുകു പറയുന്ന വിശേഷണങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നതാണ്. 90 കളുടെ ആരംഭത്തില്‍ നടന്ന കോളേജ് കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൂട്ടുകാരെല്ലാം ഒന്നിച്ചെത്തുന്നതായിരുന്നു പശ്ചാത്തലം. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിയിരിക്കുകയാണ് കാവ്യ മാധവന്‍. ഇപ്പോള്‍ കാവ്യയ്‌ക്കൊരു കുഞ്ഞു കൂടി പിറന്നതോടെ കുടുംബ ജീവിതത്തിന് പ്രധാന്യം നല്‍കി കുടുംബിനിയായിരിക്കാനാണ് തീരുമാനമെന്നാണ് സൂചന. ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. തട്ടുംപുറത്ത് അച്യുതനാണ് ലാല്‍ ജോസിന്റെ ഏറ്റവും പുതിയ സിനിമ. 2018 ലെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.
ഈ സിനിമയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്നത് നാല്‍പ്പത്തിയൊന്ന് എന്ന ചിത്രമാണ്. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. നര്‍മ്മത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ സിനിമ ഒരു എന്റര്‍ടെയിനറായിരിക്കുമെന്നാണ് സൂചന.