അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ പ്രസവിച്ചയുടന്‍ കഴുത്തുഞെരിച്ച് കൊന്ന് കുപ്പത്തൊട്ടിയിലിട്ട വേലക്കാരിയെ റാസല്‍ഖൈമ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിനും അതിനുശേഷം നാടുകടത്തലിനും ശിക്ഷിച്ചു. ഏഷ്യക്കാരിയായ വേലക്കാരിയാണ് കേസിലെ പ്രതി.
ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് വേലക്കാരിയെ സ്‌പോണ്‍സര്‍ ആശുപത്രി എമര്‍ജന്‍സിയില്‍ പ്വേശിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പരിശോധിച്ച ഡോക്ടര്‍മാര്‍, വേലക്കാരി ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നും സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു. എന്നാല്‍ തന്റെ കുടുംബത്തോടൊപ്പം തനിച്ചുതാമസിക്കുന്ന വേലക്കാരി പ്രസവിച്ചുവെന്ന കാര്യം വിശ്വസിക്കാനാവാതെ അവരുടെ മുറിയില്‍ സ്‌പോണ്‍സര്‍ നടത്തിയ തെരച്ചിലില്‍ കുളിമുറിയില്‍ ചോരപ്പാടുകള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വീട്ടിനു സമീപത്തെ കുപ്പത്തൊട്ടിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് സമീപത്തെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന ഏഷ്യക്കാരന്‍ യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് വേലക്കാരി ഗര്‍ഭിണിയായതെന്ന് കണ്ടെത്തുകയായിരുന്നു.
ഇയാള്‍ വിവാഹം വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് കാലുമാറുകയായിരുന്നുവെന്ന് യുവതി പോലിസിനോട് പറഞ്ഞു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അയാള്‍ യു.എ.ഇ വിട്ടതായും യുവതി പറഞ്ഞു. വിവാഹബാഹ്യ ലൈംഗികബന്ധം, തീരുമാനിച്ചുറച്ച് നടത്തിയ കൊലപാതകം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരേ ചുമത്തിയത്. വിവാഹതിയായ ഇവര്‍ക്ക് നാട്ടില്‍ മക്കളുണ്ടെന്ന് പോലിസ് അറിയിച്ചു.