കുവൈറ്റ് സിറ്റി : 2016ല്‍ കുവൈറ്റില്‍ നിന്നും വിവിധ കാരണങ്ങളാല്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിനായിരത്തോളം പ്രവാസികളെ തിരിച്ചയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിവസം ഏകദേശം 54 പേര്‍ എന്ന നിലയിലാണ് പ്രവാസികളുടെ മടക്കം ഉണ്ടായത്.
തിരിച്ചയക്കല്‍ കേന്ദ്രങ്ങള്‍ വഴിയാണ് 15000 ലധികം പേരെയും തിരിച്ചയച്ചത്. ഇതില്‍ തന്നെ മതിയായ താമസ രേഖയില്ലാതെ രാജ്യത്ത് തങ്ങിയവരാണ് മഹാ ഭൂരിപക്ഷവും. വിസ കാലാവധി തീര്‍ന്നവര്‍, വിവിധ കേസുകളില്‍ അകപ്പെട്ടവര്‍, വിവിധ കാരണങ്ങളാല്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവര്‍ ഉള്‍പ്പെടെയുള്ളവരും ഇക്കൂട്ടത്തില്‍ പെടും.
തങ്ങളുടെ ഭാര്യ, കുട്ടികള്‍, വേലക്കാരികള്‍ തുടങ്ങിയവരുടെ വിസകള്‍ യഥാസമയം പുതുക്കാത്തതിന്റെ പേരില്‍ രാജ്യത്ത് 11,191 വിദേശികള്‍ സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ പെട്ടവരാണ് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിവരം, വിവിധ കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ മുന്‍ മന്ത്രിമാരുടെയും രാജ്യത്തെ പ്രധാന നിയമജ്ഞരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടയുള്ളവരുടെ കമ്പനികളെയും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തി എന്നുള്ളതാണ്.
ജീവനക്കാര്‍ ഒളിച്ചോടിയതായി പരാതിപ്പെട്ടുകൊണ്ടുള്ള 46,609 കേസുകള്‍ രാജ്യത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്