അടുത്ത മാസം ഒന്നുമുതൽ കുവൈറ്റിൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരുമെന്ന് ഉറപ്പായി. വിദേശികൾക്ക് പ്രഖ്യാപിച്ച ഉയർന്ന ചികിത്സാച്ചെലവ് പുനഃപരിശോധിക്കുകയോ, നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദേശീയരുടെ ചികിത്സാച്ചെലവ് ഉയർത്തുന്നതിനെതിരേ ഒരു വിഭാഗം പാർലമെന്‍റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. അടുത്ത മാസം ഒന്നുമുതൽ കുവൈറ്റിലെ വിദേശികളുടെ ചികിത്സാച്ചെലവ് വർദ്ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും അല്ലെങ്കിൽ നടപ്പാക്കുന്നത് അടുത്തവർഷം വരെയെങ്കിലും വൈകിപ്പിക്കണമെന്നുമുള്ള ഒരുവിഭാഗം പാർലമെന്‍റ് അംഗങ്ങളുടെ ആവശ്യം കുവൈറ്റ് ആരോഗ്യമന്ത്രി ജമാൽ അൽ ഹർജി തള്ളി. തീരുമാനം പുന:പരിശോധിക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഒക്ടോബർ ഒന്നുമുതൽ വിദേശികളുടെ ചികിത്സാച്ചെലവിൽ ഗണ്യമായ വർദ്ധനവ് വരുത്തുമെന്ന പ്രഖ്യാപനം കുവൈറ്റ് സർക്കാർ നടത്തിയത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചികിത്സാച്ചെലവ് വർദ്ധിപ്പിച്ചിട്ടില്ലെന്നും, കുറഞ്ഞ ഫീസിന് വിദേശികൾക്ക് നൽകുന്ന ചികിത്സ രാജ്യത്തിന് സാമ്പത്തിക ഭാരമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ചില എംപിമാർ പ്രചരണം നടത്തിയിരുന്നു.
തുടർന്നാണ് ഫീസ് ഉയർത്താനുള്ള തീരുമാനം ഉണ്ടായത്. തീരുമാനം നടപ്പിലാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഒരു വിഭാഗം പാർലമെന്‍റ് അംഗങ്ങൾ ഇതിനെതിരേ രംഗത്തെത്തിയത്. നല്ലൊരു വിഭാഗം പ്രവാസികളും കുറഞ്ഞ ശമ്പളക്കാരാണെന്നും അവർക്ക് പുതിയ നിരക്ക് താങ്ങാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി ചില ചികിത്സകളുടെ ഫീസ് കുറയ്ക്കുമെന്ന് ചില എം.പിമാർ പറയുമ്പോൾ, വിദേശികളെ സഹായിക്കുന്ന വിധത്തിൽ ആരോഗ്യ ഇൻഷുറൻസ് വിപുലീകരിക്കണമെന്ന് മറ്റുചിലർ നിർദ്ദേശിക്കുന്നു.
കുവൈറ്റിൽ അടുത്ത മാസം മുതൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും
Tags: Kuwait health treatment