വിദേശികളുടെ എണ്ണം കുറക്കാനുള്ള തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്ന് കുവൈത്ത് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് വ്യക്തമാക്കി. പഞ്ചവത്സര വികസനപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഖലീൽ അൽ സാലിഹ് എം.പിയുടെ സബ്മിഷന് മറുപടിയായാണ് ആസൂത്രണത്തിന്റെ കൂടി ചുമതലയുള്ള മന്ത്രി ഹിന്ദ് അൽ സബീഹ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കുക എന്നത് സർക്കാർ തീരുമാനമാണ്. ഇക്കാര്യത്തിൽ മനുഷ്യക്കടത്ത് സംഘങ്ങളുടെയും വിസക്കച്ചവടക്കാരുടെയും സമ്മർദങ്ങൾക്ക് വഴങ്ങില്ല. ഈ വർഷം മാത്രം വിസക്കച്ചവടവുമായി ബന്ധപ്പെട്ട് 302 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 150 കേസുകൾ കോടതിയുടെ പരിഗണയിലാണ്. 337 കേസുകളിൽ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. വിദേശികളുടെ വിസനിരക്കുകൾ വർധിപ്പിക്കുന്നത് രാജ്യത്തെ തൊഴിൽമേഖലക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അവിദഗ്ധ ജോലിക്കാരെ ഒഴിവാക്കി തൊഴിൽപരിചയവും യോഗ്യതയുമുളളവരെ മാത്രം നിലനിർത്തുന്നതിലൂടെ തൊഴിൽമേഖല കരുത്താർജിക്കും. വർക്ക് പെർമിറ്റ്, ഇഖാമ എന്നിവയുടെ നിരക്കുകൾ വർധിപ്പിക്കുക, ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 250ൽനിന്ന് 450 ദിനാറാക്കി ഉയർത്തുക തുടങ്ങിയ തീരുമാനങ്ങളും ജനസംഖ്യാക്രമീകരണത്തിൻറ ഭാഗമായുള്ളവയാണ്. 2020ൽ അവസാനിക്കുന്ന നടപ്പ് പഞ്ചവത്സര വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തടസ്സങ്ങൾ ഒഴിവാക്കി സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.