കുവൈറ്റ്: കുവൈറ്റില്‍ തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം തന്നെ പ്രബല്യത്തില്‍ വരും. വിദേശികളില്‍ ചിലര്‍ തൊഴില്‍ നേടാന്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കുവൈറ്റില്‍ ഇഖാമ പുതുക്കുമ്പോള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം അവസാനത്തോടെ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയായി.
ബിരുദ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ നേടിയവരുടെ ഇക്കാമ, അഥവാ തൊഴില്‍ പെര്‍മിറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം പുതുക്കി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.തൊഴില്‍ നേടിയപ്പോള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റല്ല, ഇക്കാമ പുതുക്കുന്ന വേളയില്‍ നല്‍കുന്നതെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. വ്യാജ രേഖ ചമച്ച കുറ്റത്തിനായിരിക്കും കേസെടുക്കുക. ആദ്യ ഘട്ടത്തില്‍ സര്‍വ്വകലാശാല ബിരുദമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുക. പിന്നീട് എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.