പകലായാലും രാത്രിയായാലും തൊഴിലാളികളെ എട്ടുമണിക്കൂറിലധികം നേരം ജോലി ചെയ്യിക്കരുതെന്ന് യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. എട്ടുമണിക്കൂറിലധികം ജോലി ചെയ്യിച്ചാല്‍ തൊഴില്‍ നിയമപ്രകാരമുള്ള ഓവര്‍ ടൈം അലവന്‍സ് നല്‍കണം. അല്ലാത്ത പക്ഷം തൊഴില്‍ നിയമലംഘനത്തിന് നടപടികള്‍ നേരിടേണ്ടി വരുമെന്ന് തൊഴില്‍ പരിശോധനാ വിഭാഗത്തിലെ അണ്ടര്‍ സെക്രട്ടറി മാഹിര്‍ അല്‍ ഉബൈദ് പറഞ്ഞു. വേനല്‍ക്കാലത്ത് ഉച്ചസമയത്ത് മൂന്നു മണിക്കൂര്‍ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ 15ന് ആരംഭിച്ച ക്രമീകരണം സപ്തംബര്‍ 15ഓടെ അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സമയക്രമീകരണം പാലിക്കാന്‍ തയ്യാറായ എല്ലാ തൊഴിലുടമകളെയും അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 13 വര്‍ഷമായി വേനല്‍ക്കാലത്ത് ഈ രീതിയില്‍ സമയ നയന്ത്രണം യു.എ.ഇയില്‍ നടപ്പാക്കി വരുന്നുണ്ട്. പരിശോധകര്‍ക്കും തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ കാണാന്‍ പറ്റുന്ന വിധത്തില്‍ അറബിയിലും ആവശ്യമായ മറ്റ് ഭാഷകളിലും തൊഴില്‍ സമയക്രമത്തെക്കുറിച്ചുള്ള അറിയിപ്പ് തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പക്കണമെന്ന് അദ്ദേഹം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ഭക്ഷണം തുടങ്ങിയ നല്‍കണം. പ്രാഥമിക ചികില്‍സയ്ക്കാവശ്യമായ ഫസ്റ്റ് എയിഡ് സംവിധാനങ്ങള്‍, സംരക്ഷണ കുടകള്‍ എന്നിവയും സജ്ജീകരിക്കണം. അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ സമയം വെയിലത്ത് പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് നിര്‍ജലീകരണം തയുന്നതിന് ഉപ്പിട്ട നാരങ്ങാവെള്ളം ലഭ്യമാക്കണം. തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.