പ്രസവ കിടക്കയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയ്ക്ക് സോഷ്യല്‍മീഡിയയുടെ ആദരം; ചിത്രങ്ങള്‍ വൈറലായി  

 

 

കന്‍സാസ് സിറ്റി: പ്രസവ കിടക്കയിലിരുന്ന് തന്റെ പരീക്ഷയെഴുതിയ നസിയ തോമസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പ്രസവിക്കുന്നതിന് തൊട്ടുമുമ്പാണ് ആശുപത്രിക്കിടക്കയിലിരുന്ന് നസിയ തന്റെ അവസാന വര്‍ഷ പരീക്ഷ എഴുതിയത്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ ജോണ്‍സണ്‍ കൗണ്ടി കമ്യൂണിറ്റി കോളേജില്‍ സൈക്കോളജി പഠിക്കുകയാണ് നസിയ. ഗര്‍ഭിണിയായി 39 ആഴ്ച്ചകള്‍ വരെ അവള്‍ കോളെജില്‍ തന്നെ തുടര്‍ന്നു. പിന്നീടാണ് ആശുപത്രിയിലേക്ക് മാറിയത്. സൈക്കോളജി പേപ്പര്‍ ആശുപത്രിക്കിടക്കയിലിരുന്ന് എഴുതിയ നസിയ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടിയിരിക്കുകയാണ്. നസിയയുടെ അമ്മയാണ് മകള്‍ പരീക്ഷ എഴുതുന്ന ചിത്രം പകര്‍ത്തിയത്. പരീക്ഷയൊക്കെ കഴിഞ്ഞ് വിശ്രമിച്ചിരിക്കുമ്പോഴാണ് ഈ ചിത്രം നസിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. എന്റെ അമ്മ എടുത്ത ചിത്രമാണിത്. ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നതിന് തൊട്ട് മുമ്പ്. എന്റെ ജീവിതത്തിന്റെ ഏറ്റവും പൂര്‍ണമായ വിശദീകരണമാണിത് – നസിയ ട്വീറ്റ് ചെയ്തു. ഡിസ്ലൊക്കേറ്റിവ് ഐഡന്റിറ്റി ഡിസ്ഓര്‍ഡര്‍ എന്ന റിസര്‍ച്ച പേപ്പറിന്റെ പരീക്ഷ ആയിരുന്നു താനെഴുതിയതെന്നും നസിയ പറഞ്ഞു. ഡിസംബര്‍ 11നായിരുന്നു പരീക്ഷ. ഡിസംബര്‍ 12ന് നസിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിനൊപ്പമുള്ള ചിത്രവും നസിയ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഇതിനോടകം തന്നെ നസിയയുടെ ട്വീറ്റിന് ലഭിച്ചത് 1.3 ലക്ഷം ലൈക്കുകളാണ്. 27,000 റീട്വീറ്റുകളും വന്നു കഴിഞ്ഞു.

Top