
തനിക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള പരോക്ഷ മറുപടിയുമായി മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. തന്റെ ഒരു സുഹൃത്ത് തനിക്ക് നിര്‍ദ്ദേശിച്ച ഒരു പുസ്തകം വായിച്ചതിന് ശേഷം ദൈവത്തിനെഴുതിയ കത്തിന് ദൈവം എഴുതിയ മറുപടിയാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പങ്കുവെക്കുന്നത്. ജീവിതം, മരണം എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ദൈവത്തിന്റെ കത്ത് സമകാലീന മനുഷ്യരുടെ ജീവിതത്തെ കാര്യമായി വിമര്‍ശിക്കുന്നു.
പരദൂഷണം പറയാനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനും മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, ദേശം എന്നിവ സ്വയം പറഞ്ഞ് തമ്മില്‍ തല്ലാനും കേസ് കൊടുക്കാനും തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഒരാവശ്യവുമില്ലാതെ സമയം ചെലവഴിക്കുന്നത്. ആര്‍ക്കും ഒപ്പമുള്ളവരോട് സംസാരിക്കാന്‍ സമയമില്ല. വാട് ആപ്പും ഫേസ്ബുക്കും ധൃതിയില്‍ നോക്കിയിരിക്കുകയാണ് എല്ലാവരും. ഇതിന്റെ പ്രത്യേകത ഒരാളോട് ചെദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ഇതില്‍ ആര്‍ക്കും ആരേപ്പറ്റിയും എഴുതാം. ആരും തടയില്ല. ഇതിലൂടെ കലാപം വരെ ഉണ്ടാക്കാം. മതത്തെയോ ദൈവത്തെയോ പാര്‍ട്ടിയെയോ പറ്റി ആരെങ്കിലും പറഞ്ഞാല്‍ അപ്പോ ഇത് ഉപയോഗിക്കാം. വെറുതേ ഒരു പോസ്റ്റ് ഇട്ടാല്‍ മതി, ആളുകള്‍ കേറി തല്ലിക്കോളും, ചീത്ത വിളിച്ചോളും, അവരുടെ കുടുംബം കുളമാക്കി കൊടുത്തോളും. മിക്ക സമയവും ഇങ്ങനെ ഫോണില്‍ നോക്കിയിരുന്ന് ആളുകളെ തെറി പറഞ്ഞിട്ട്, ജീവിക്കാന്‍ തന്ന സമയം പോരാ എന്ന് പറയുന്നതില്‍ എന്താണ് ന്യായം.
37ാം വയസ്സില്‍ അന്തരിച്ച പോള്‍ കലാനിധി എഴുതിയ പുസ്തകം വായിച്ചപ്പോഴാണ് ദൈവം എത്ര കുറച്ച് സമയം മാത്രമാണ് മനുഷ്യന് നല്‍കിയിട്ടുള്ളതെന്ന് ആലോചന ലാലിനുണ്ടാകുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി ലാല്‍ ദൈവത്തിന് കത്തെഴുതി. അനാവശ്യമായി സമയം ചെലവഴിക്കുന്ന പുതിയ മനുഷ്യരെ കണക്കറ്റ് വിമര്‍ശിച്ചുകൊണ്ടായിരുന്നു ദൈവം ലാലിനെഴുതിയ ഈ കത്തില്‍.
ദൈവത്തിന്റെ കാര്യം നോക്കാന്‍ ദൈവത്തിനറിയാമെന്നും മനുഷ്യര്‍ അതോര്‍ത്ത് വ്യാകുലപ്പെടേണ്ടെന്നും കത്ത് പറഞ്ഞുവെക്കുന്നു. മരിക്കാറാവുമ്പോഴും മരണത്തെ കുറിച്ച് ആലോചിക്കുമ്പോഴും മാത്രമേ മനുഷ്യര്‍ മറ്റുമനുഷ്യരെ കുറിച്ചും ദൈവത്തെ കുറിച്ചും ആലോചിക്കാറുള്ളൂ. ഏത് നിമിഷവും നിലയ്ക്കാവുന്ന ഒരു ഘടികാരമാണ് ജീവിതമെന്ന സത്യം ആരും തിരിച്ചറിയുന്നില്ല. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നുമില്ല.
പരദൂഷണം പറയാന്‍, മറ്റുള്ളവരുടെ കാര്യങ്ങളില്‍ കയറി ഇടപെടാന്‍, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍, മതം ജാതി വര്‍ഗ്ഗം വര്‍ണം ദേശം എന്ന് സ്വയം വേര്‍തിരിഞ്ഞ് തമ്മില്‍ തല്ലാന്‍, കേസുകള്‍ കൊടുക്കാന്‍, കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍,ജയിലില്‍ കിടക്കാന്‍ എന്നുവേണ്ട ഒരാവശ്യവുമില്ലാത്ത നിരവധികാര്യങ്ങള്ക്കാണ് ദൈവം അനുവദിച്ചിട്ടുള്ള സമയം ചിലവഴിക്കുന്നതെന്നും എന്നിട്ടാണ് സമയം കുറഞ്ഞുപോയെന്ന് പറഞ്ഞ് വിലപിക്കുന്നതെന്നും കത്തില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയുടെ അടിമകളായ യുവ തലമുറയോയും അവയുപയോഗിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കലാപങ്ങള്‍ ഇളക്കിവിടുകയും ചെയ്യുന്നവരെയും കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഒരു ദിവസത്തിന്റെ മിക്ക സമയവും ഫോണും നോക്കിയിരുന്ന് ആളുകളെ തെറിപറഞ്ഞിട്ട് മരിക്കാറാവുമ്പോള്‍ എന്നോട് സമയം പോര എന്ന് പറയുന്നതില്‍ എന്താണ് ന്യായമെന്ന് ദൈവത്തിന്റെ കത്തില്‍ ചോദിക്കുന്നു അടുത്തകാലത്ത് മോഹന്‍ലാലിനെതിരെ വിമര്‍ശനം ഉന്നിയിച്ചവര്ക്കുള്ള മറുപടികൂടിയാണ് ബ്ലോഗിലെ ഈ വരികള്‍ എന്നു വേണമെങ്കില്‍ പറയാം.
മതഭ്രാന്തന്മാര്ക്കെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്. ‘ നിങ്ങള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് എനിക്ക്(ദൈവത്തിന്) വേണ്ടിയാണ്. എന്നെ പ്രശംസിക്കാന്‍, എനിക്ക് ചട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിന്റെ ആരാധനാലയങ്ങള്‍ പണിയാന്‍, എന്നെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ തെറി പറയാന്‍, കൊല്ലാന്‍, എന്റെ പലപേരുകള്‍ പറഞ്ഞ് സംഘടനകളുണ്ടാക്കി പണം പിരിക്കാന്‍, എന്തുമാത്രം സമയമാണ് നിങ്ങള്‍ ചിലവഴിക്കുന്നത്.
തന്റെ കാര്യങ്ങള്‍ ഇത്രമാത്രം കണിശമായി നോക്കാന്‍ നിങ്ങളെ ആരാണ് എല്പ്പിച്ചത് എന്നുമാത്രം അറിയില്ലെന്നും താനേതായാലും അത് ചെയ്തിട്ടില്ലെന്നും .അനാവശ്യ കാര്യങ്ങള്‍ക്കുപയോഗിച്ച് ആയുസ് തീര്‍ന്നു പോകുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ദൈവത്തിന്റെ കത്തില്‍ പറയുന്നു.
ഗാന്ധിയ്ക്കും ടാഗോറിനും എം.ടി വാസുദേവന്‍നായര്‍ക്കും കള്ളനും കൊലപാതകിക്കും ഞാന്‍ 24 മണിക്കൂറാണ് നല്‍കിയത്. അപ്പോള്‍ എത്ര സമയം കിട്ടി എന്നതിലല്ല എങ്ങനെ ഉപയോഗിച്ചു എന്നതിലാണ് കാര്യമെന്നും ദൈവവാക്കുകളെ ഉദ്ധരിച്ച് മോഹന്‍ലാലിന്റെ ബ്ലോഗില്‍ പറയുന്നു.