
തിരുവനന്തപുരം: രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയെ എതിര്‍ത്തുകൊണ്ട് തുടക്കം മുതല്‍ പ്രൊഡ്യൂസര്‍ അസോസിയേഷന് രംഗത്തുണ്ട്. സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കാണ് ഇവര്‍ ഏര്‍പ്പെടുത്തിയത്. എന്തായാലും വിലക്കിനെ പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കയാണ് സംവിധായകന്. സിനിമയുടെ ആദ്യ ടീസറിലൂടെയാണ് സംവിധായകന് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചിത്രത്തിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിലുള്ള പ്രതിഷേധവും ടീസറില്‍ രഞ്ജിത്ത് കാണിക്കുന്നു. അണ്ണന്മാര് കനിഞ്ഞാ താമസിയാതെ വരും.. എന്ന് പറഞ്ഞാണ് ടീസര്‍. ലീലയുടെ റിലീസിങ് തടയുമെന്ന് വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറഞ്ഞിരുന്നു. 2015ന്റെ അവസാനം നിര്‍മ്മാതാക്കളുടെ സമരത്തിനെ വകവയ്ക്കാതെ ഷൂട്ടിങ് തുടര്‍ന്നതിനാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ബിജു മേനോന് നായകനാകുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍ ആണ് നായിക. ലീലയെന്ന അനാഥപ്പെണ്‍കുട്ടിയുടെ കഥപറയുന്ന കലാമൂല്യമുള്ള ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് സിനിമയാകുന്നത്. തിരക്കഥയും ഉണ്ണി ആര് തന്നെ. വിജയരാഘവന്, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിലുണ്ട്. ഇതിനു മുന്‍പ് രഞ്ജിത് സിനിമയാക്കിയ പല സാഹിത്യ സൃഷ്ടികളും ഏറെ ശ്രദ്ധനേടിയിരുന്നു.