റിയാദ്:സൗദിയിലെ മലയാളികള്‍ക്ക് തിരിച്ചടി..!അടുത്ത മാസം മുതല്‍ ഏര്‍പ്പെടുത്തുന്ന ആശ്രിത വിസ അംഗങ്ങള്‍ക്കുള്ള വിസ ഫീസില്‍ യാതൊരു ഇളവും ഇല്ലെന്നും ഓരോ മാസത്തേക്കും നൂറു റിയാല്‍ എന്ന നിലയില്‍ ഇവര്‍ പണമടക്കണമെന്നും സൗദി ഭരണകൂടം.അടുത്ത മാസം മുതല്‍ വിദേശികളുടെ ആശ്രിതരുടെ ഓരോ അംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്ന ലെവി ആദ്യഘട്ടത്തില്‍ ഓരോ മാസത്തേക്കും നൂറു റിയാല്‍ വീതവും തുടര്‍ന്ന് ഓരോ വര്‍ഷവും ഇത് വീണ്ടും നൂറു റിയാല്‍ വീതം വര്‍ധിപ്പിച്ച് 2020 ആകുമ്പോള്‍ 400 റിയാല്‍ പ്രതിമാസം ആകുന്ന നിലയിലാണ് സംവിധാനിച്ചിരിക്കുന്നത്. വിദേശികളുടെ കുടുംബങ്ങളെ സൗദിയില്‍ താമസിപ്പിക്കുന്നതിനു ഇത് വിലങ്ങു തടിയാകും. കൂടുതല്‍ അംഗങ്ങളുള്ള വിദേശികള്‍ക്ക് ഇത് ഒരു നിലക്കും താങ്ങാന്‍ കഴിയാത്തതാണ്. ഇതിനകം വിവിധ സ്വകാര്യ കമ്പനികള്‍ ഈ ചിലവുകള്‍ തൊഴിലാളികള്‍ സ്വന്തം നിലക്ക് അടക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ചില രാജ്യക്കാര്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഏതെല്ലാം രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇത് ലഭ്യമാകുകയെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇത് കൂടാതെ, ദേശീയ വരുമാനം വൈവിധ്യ വല്‍ക്കരിക്കുന്നതിന്റെഭാഗമായി അടുത്ത വര്‍ഷം മുതല്‍ സ്വാകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ലെവി അടക്കേണ്ടി വരും. നിലവില്‍ അന്‍പതു ശതമാനം സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തക്കാള്‍ അധികമുള്ള ഓരോ വിദേശിക്കും അടുത്ത വര്‍ഷം ജനുവരി മുതല്‍ മാസത്തില്‍ 400 റിയാലും 2019 മുതല്‍ 600 റിയാലും 2020 മുതല്‍ 800 റിയാലും ലെവി ഇനത്തില്‍ മാത്രം നല്‍കേണ്ടി വരും.സൗദി തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കുറവുള്ള കമ്പനികള്‍ ഓരോ വിദേശിക്കും അടുത്ത വര്‍ഷം മുതല്‍ ഓരോ വര്‍ഷത്തേക്കും 300, 500, 700 എന്നിങ്ങനെയായിരിക്കും അധിക ലെവി നല്‍കേണ്ടി വരിക. ഈ തീരുമാനം മൂലം വിദേശികളെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണ് സ്വകാര്യ കമ്പനികള്‍.പുതിയ ലെവിയെ പ്രവാസി സമൂഹം ആശങ്കയോടെയാണു നോക്കിക്കാണുന്നത്. നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ജൂലൈയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസി കുടുംബങ്ങളുടെ വന്‍ ഒഴിഞ്ഞ് പോക്കായിരിക്കും സംഭവിക്കുക.
നേരത്തെ എത്ര കാലത്തേക്കു രാജ്യത്തു നിന്നു പുറത്തു പോയാലും റി എന്‍ ട്രി ഫീസ് 200 റിയാല്‍ ആയിരുന്നത് ഉയര്‍ത്തി 2 മാസത്തിനു മുകളിലുള്ള ഓരോ മാസത്തിനും 200 റിയാലിനു പുറമേ 100 റിയാല്‍ അധികം നല്‍കണമെന്ന നിയമം വന്നപ്പോഴും നിരവധി കുടുംബാംഗങ്ങള്‍ ഗള്‍ഫ് ജീവിതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.പെട്രോളിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായും സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും വിവിധ തരത്തിലുള്ള ഫീസ് വര്‍ദ്ധനവ് നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 2018 ജനുവരി മുതല്‍ 50 ശതമാനം സൗദിവത്ക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങളും ഓരോ വിദേശിക്കും ലെവി അടക്കേണ്ടതുണ്ട്.സൗദി തൊഴിലാളികളുടെ അനുപാതം വിദേശികളേക്കാള്‍ കുറവുള്ള സ്ഥാപനങ്ങള്‍ 2018 ല്‍ ഓരോ വിദേശിക്കും വര്‍ഷത്തില്‍ 4800 റിയാല്‍ അധിക ഫീസ് അടക്കേണ്ടി വരും. നിലവില്‍ 2400 റിയാലാണു ഈടാക്കുന്നത്. 2019 ല്‍ ഈ തുക 6000 റിയാലും 2020 ല്‍ 8400 റിയാലുമായി ഉയരും. ഇത് വിദേശ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനും കൂടുതല്‍ സ്വദേശികളെ ജോലിക്കെടുക്കാനും സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കും.