
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ബാറുകളും ബിവറേജസും അടച്ചിട്ടതോടെ വാറ്റും സജീവമായിട്ടുണ്ട്. കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ തന്നെ വാറ്റുന്നവരാണ് ഏറെയും.
വിദേശങ്ങളിൽനിന്ന് എത്തിയവരാണ് വീടിനെ ‘ഡിസ്റ്റിലറിയാക്കുന്നവരിൽ’ വിദേശ രാജ്യങ്ങളിൽ കുക്കറുകൾ ഉപയോഗിച്ച് അതിരഹസ്യമായി വാറ്റി വിൽപനയടത്തി പരിചയമുള്ളവരാണ് അടച്ചിടൽ കാലത്ത് പരീക്ഷണത്തിനു മുതിരുന്നവരിൽ ഭൂരിഭാഗവും.
കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്‌സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരെഞ്ഞടുക്കുന്നതെന്നും ഇവർ പറയുന്നു. അടുക്കള േകന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ സാധിക്കൂ.
കോട പാകമാകാൻ എടുത്ത ആദ്യത്തെ ആറു ദിവസത്തിനുശേഷം ലോക്ഡൗണിൽ ആവശ്യക്കാർക്ക് വാറ്റുചാരായം ലഭിക്കാൻ തുടങ്ങിയെന്നാണ് എക്‌സൈസ് കണ്ടെത്തൽ.
സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിട്ടതിന് ശേഷം കോട്ടയം ജില്ലയിൽനിന്ന് മാത്രം 3010 ലിറ്റർ കോടയാണ് ഇതുവരെ എക്സൈസ് പിടിച്ചെടുത്ത്. 71 ലിറ്റർ ചാരായവും പിടികൂടി. 60ഓളം അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.