പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന്റെ പേരിൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ മലാല യൂസഫ്സായി അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ക്ലാസ് മുറിയിലെത്തി. പക്ഷേ ഇത്തവണ ഓക്സ്ഫോർഡിലാണെന്നു മാത്രം. മലാല തന്നെയാണ് ഓക്സ്ഫോർഡിലെ ആദ്യക്ലാസിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളാണ് നൊബേൽ പുരസ്ക്കാര ജേതാവുകൂടിയായ മലാല യൂസഫ്സായി പഠിക്കുന്നത്. തന്റെ പാഠപുസ്തകങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച മലാല എഴുതി: “പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംസാരിച്ച എനിക്ക് അഞ്ചു വർഷം മുന്‍പ് വെടിയുണ്ടകൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇന്ന് ഞാൻ ഒാക്സ്ഫോർഡിലെ എന്റെ ആദ്യത്തെ ക്ലാസിൽ പങ്കെടുത്തു’. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 6.4 ലക്ഷത്തിലധികമാളുകളാണ് മലാലയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. നിരവധിപ്പേർ മലാലയ്ക്ക് ആശംകളുമായെത്തി.
അഞ്ചു വർഷങ്ങൾക്കു ശേഷം മലാല വീണ്ടും ക്ലാസ് റൂമിൽ
Tags: malala class