മലയാള സിനിമയിലെ നായക സങ്കല്‍പങ്ങളുടെ പൂര്‍ണത എന്ന വിശേഷിപ്പിച്ച ചിത്രമാണ് നരസിംഹം. 2000ല്‍ പുറത്തിറങ്ങിയ സിനിമ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു. നരസിംഹം മുണ്ട്, നരസിംഹം ചെരുപ്പ് അങ്ങനെ ഓരോന്നും. സിനിമയിലെ ഡയലോഗുകള്‍ വരെ ജനം ഏറ്റെടുത്തു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഡയലോഗായിരുന്നു ‘നീ പോ മോനേ ദിനേശാ…’ എന്നത്. തികച്ചും അവിചാരിതമായിട്ടായിരുന്നു നീ പോ മോനേ ദിനേശാ എന്ന ഡയലോഗിന്റെ പിറവി. ആ ഡയലോഗ് വന്ന വഴിയേക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് തന്നെ വ്യക്തമാക്കുകയുണ്ടായി. സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ഇന്ദുചൂഢന്‍ പറയുന്ന നീ പേ മോനേ ദിനേശാ എന്ന ഡയലോഗ് യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റൊരു വ്യക്തി പറഞ്ഞ ഡയലോഗായിരുന്നു. അത് മോഹന്‍ലാല്‍ കഥാപാത്രത്തിന് രഞ്ജിത് നല്‍കുകയായിരുന്നു. കോഴിക്കോടുള്ള ഒഴിവ് സമയങ്ങളില്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജിത്തും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പോയി ഇരിക്കാറുണ്ട്. അവിടെ വച്ചാണ് അവര്‍ ആ വ്യക്തിയെ കണ്ടുമുട്ടിയത്. ആരേയും ദിനേശാ എന്ന് വിളിക്കുന്ന വ്യക്തി. അയാള്‍ എല്ലാരേയും ദിനേശാ എന്നാണ് വിളിക്കുന്നത്. ആരെ കണ്ടാലും എന്ത് കാര്യത്തിനും ഒരാളെ അഭിസംബോധന ചെയ്യേണ്ടി വന്നാല്‍ അത് ദിനേശാ എന്നായിരുന്നു. അത് കേട്ടപ്പോള്‍ രഞ്ജിതിന് തോന്നിയ കൗതുകത്തില്‍ നിന്നായിരുന്നു നരസിംഹത്തിലേക്ക് ദിനേശന്‍ എത്തിയത്.
കേരളത്തില്‍ ഏറ്റവും അധികം റീറിലീസ് ചെയ്ത മലയാള ചിത്രം എന്ന റെക്കോര്‍ഡ് നരസിംഹത്തിന് മാത്രമുള്ളതാണ്. അത്രത്തോളം ആ ചിത്രത്തേയും കഥാപാത്രത്തേയും പ്രേക്ഷകര്‍ സ്നേഹിക്കുന്നു.