ടാലന്‍റെ് ഫാഷന്‍ ഷോയില്‍ യുഎഇ ക്ക് വേണ്ടി മത്സരിക്കുന്നത് മലയാളി ബാലിക

കേരളത്തിലെ ടാലന്റ്- ഫാഷന്‍ ഷോയില്‍ യുഎഇക്ക് വേണ്ടി മത്സരിക്കാന്‍ ദുബായിലെ മലയാളി ബാലിക. ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷനല്‍ ലോകത്തെങ്ങുമുള്ള കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷനല്‍-2017ന്റെ സെപ്തംബര്‍ 16ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലിലാണ് കാഞ്ഞങ്ങാട് സ്വദേശി രതീഷന്‍-വിജയലക്ഷ്മി രതീഷന്‍ ദമ്പതികളുടെ മകള്‍ സംരീന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 10 മുതല്‍ 12 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് പത്തു വയസ്സുകാരിയായ സംരീന്‍ യുഎഇയെ പ്രതിനിധീകരിക്കുക. ദുബായില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ ഒട്ടേറെ കുട്ടികളില്‍ നിന്നാണ് സംരീനെ യുഎഇക്ക് വേണ്ടി തിരഞ്ഞെടുത്തത്.

കുട്ടികളുടെ കലാ-ഫാഷന്‍ രംഗത്തുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതിനും സാംസ്‌കാരികമായ ഉന്നമനം ലക്ഷ്യമാക്കിയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നാല് മുതല്‍ ആറ്, 7-9, 10-12, 13-18 വയസ്സ് വിഭാഗങ്ങളിലാണ് മത്സരിക്കുക. ദുബായ് ജെംസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ കൊച്ചുമിടുക്കി യുഎഇയിലെ നൃത്ത രംഗത്ത് കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ കൊച്ചിയില്‍ നടന്ന മുതിര്‍ന്നവരുടെ ഫാഷന്‍ ഷോയിലെ പ്രദര്‍ശനത്തില്‍ പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായിരുന്നു. മാതാവ് വിജയലക്ഷ്മി രതീഷന്‍ മോഡലും അഭിനേത്രിയുമാണ്. അടുത്തിടെ കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഫാഷന്‍ഷോയില്‍ കിരീടം ചൂടിയിരുന്നു. സഹോദരന്‍ ആദിത്യ രതീഷന്‍ മംഗലാപുരത്ത് വിദ്യാര്‍ഥിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top