രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കുവൈത്തില്‍ അറസ്റ്റിലായ മലയാളി നഴ്‌സിന് മോചനത്തിന് വഴി തെളിഞ്ഞു. നഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചു.
തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് എബിന്‍ ജോലി ചെയ്ത് തുടങ്ങിയത്.
രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഫെബ്രുവരി 22നാണ് കുവൈത്ത് പോലീസ് എബിനെ അറസ്റ്റ് ചെയ്തത്. ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്യവെയായിരുന്നു അറസ്റ്റ്.
മൂന്ന് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതോടെ കുവൈത്തിലെ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനക്ക് ഫലം കണ്ടുവെന്നാണ് പ്രവാസികള്‍ പ്രതികരിച്ചത്.