സ്വന്തം ലേഖകൻ
ദമാം: സൗദിയിൽ വിസാ നിയമങ്ങളും തൊഴിൽ നിയമങ്ങളും കർക്കശമായുംശക്തമായും നടപ്പാക്കാൻ തീരുമാനിച്ചതോടെ മലയാളികൾ അടക്കം പന്ത്രണ്ടു ലക്ഷം ഇന്ത്യക്കാർക്കു തിരിച്ചടിയാവും. 45 വയസ് പിന്നിട്ട വിദേശികളുടെ താമസരേഖയും, തൊഴിൽ വിസയും പുതുക്കി നൽകരുതെന്ന് തൊഴിൽ മന്ത്രാലയം രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ. പുതിയ വ്യവസ്ഥ അനുസരിച്ച് സൗദിയിൽ ജോലി ചെയ്യുന്ന 12 ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ . ഇതിൽ ഏഴു ലക്ഷം പേർ മലയാളികളാണെന്നും ആശങ്കകൾ ഉയരുന്നുണ്ട്.
മിക്ക കമ്പനികളും പ്രവാസികളെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കടങ്ങൾ വാങ്ങിയും പുരയിടം വിറ്റും രക്ഷപ്പെടാനായി ഗൾഫ് നാടുകൾ ചേക്കേറിയ മലയാളികൾക്ക് ഇത് വൻ തിരിച്ചടിയാകുകയാണ്. തിരിച്ചു വന്നാൽ വാങ്ങിക്കൂട്ടിയ കടങ്ങൾ എങ്ങനെ തീർക്കുമെന്നും കുടുംബത്തിന്റെ ചെലവുകൾ എങ്ങനെ നടത്തുമെന്നുമെല്ലാം ഓർത്ത് മനംനൊന്തിരിക്കുകയാണ് മലയാളികൾ.
തിരികെ നാട്ടിൽ വന്നാൽ ഉടനെ ഒരു ജോലി തരപ്പെടുത്താൻ ആർക്കുമാകില്ല. പിന്നെ നിത്യ ചെലവിനുള്ള വക പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ. മക്കളുടെ വിദ്യാഭ്യാസ ചെലവുകളും അവരെ വിവാഹം കഴിച്ചു കൊടുക്കുന്നതുൾപ്പെടെ നിരവധി പ്രാരാബ്ധങ്ങളാണ.
ഇവർക്ക് തരണം ചെയ്യേണ്ടി വരിക. പലരും മാനസികവിഭ്രാന്തിയിലാണ്. നാട്ടിലേയ്ക്ക് മടക്കി അയച്ചു എന്നറിഞ്ഞാൽ തന്നെ ആരും കടം കൊടുക്കുകയില്ലെന്നും കൊടുത്താൽ തന്നെ അവർക്ക് തിരിച്ചു കൊടുക്കാൻ ഒരു ജോലിയില്ലാതെ എങ്ങനെ പറ്റുമെന്നും അവർ ചോദിക്കുന്നു. മനസ്സിലെ സങ്കടങ്ങൾ പുറത്തു പറയാനാവാതെ പ്രവാസികൾ വളരെ ആശങ്കയിലിരിക്കുകയാണ്.
പുതിയ തൊഴിൽ നിയമത്തിലൂടെ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തി യുവത്വവത്കരിക്കാനാണ് സൗദിയുടെ നീക്കം. വിദേശികളിൽ 30-45 വയസിനു ഇടയിലുള്ളവരെ മാത്രമേ നിയമിക്കാവൂ. പ്രവാസികളുടെ സേവന കാലാവധി 15 വർഷമായി നിജപ്പെടുത്തണം എന്നീ നിർദേശങ്ങളും പ്രവാസികൾക്ക് തിരിച്ചടിയാകും.
അതേസമയം വിദേശികളുടെ ശമ്പളം 5000 റിയാൽ( ഏകദേശം 80,000 രൂപയോളം) ആയി ചുരുക്കണമെന്ന നിർദേശം കൂടി നടപ്പിലായാൽ ശമ്പളം വെട്ടിക്കുറയ്ക്കൽ വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്.