
രാക്ഷസരാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കലാഭവന്‍ മണിയുടെ കഥാപാത്രം തന്നെ മര്‍ദ്ദിക്കുന്ന രംഗം വേണമോ എന്ന് മമ്മൂട്ടി പരസ്യമായി ചോദിച്ചിരുന്നതായി സംവിധായകന് വിനയന് വെളിപ്പെടുത്തി. ഇത് കേട്ട മണി തളര്‍ന്നുപോയെന്നും വിനയന് പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരില്‍ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തിലാണ് വിനയന് ഇത് പറഞ്ഞത്
വിനയന് പറയുന്ന അനുഭവം
‘ഞാന്‍ സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന സിനിമയില്‍ അത്തരത്തിലൊരു രംഗമുണ്ടായിരുന്നു. മണിയുടെ കഥാപാത്രം മമ്മൂട്ടിയെ തല്ലുന്ന സീന്‍. പക്ഷേ അത് ചിത്രീകരിക്കുന്നതിന് മുന്‍പ് മമ്മൂട്ടി എന്നോട് ചോദിച്ചു; അത് വേണോ എന്ന്. ‘മണി എന്നെ തല്ലണോ’ എന്നാണ് മമ്മൂട്ടി അന്ന് ചോദിച്ചത്. കലാഭവന്‍ മണി അപ്പോള്‍ അടുത്ത് നില്‍പ്പുണ്ടായിരുന്നു. മമ്മൂട്ടിയില്‍ നിന്ന് ഇത്തരത്തില്‍ കേട്ടത് മണിയെ ആകെ തളര്‍ത്തിക്കളഞ്ഞു. ആ സീന്‍ ഒഴിവാക്കണമെന്നായി മണി. മമ്മൂട്ടിക്ക് അറിയാഞ്ഞിട്ടാണെന്നും മമ്മൂട്ടി മണിയെ തിരിച്ച് തല്ലുന്ന മറ്റൊരു സീനുണ്ടെന്നുമൊക്കെ പറഞ്ഞ് ഏറെ പണിപ്പെട്ടാണ് അന്ന് ഞാനാ സീന്‍ പൂര്‍ത്തിയാക്കിയത്.
കലാഭവന്‍ മണി ദുര്‍ബലനായിരുന്നില്ലെന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കാം. പക്ഷേ നാലോ അഞ്ചോ പേര് വിചാരിച്ചാല്‍ വളയ്ക്കാന്‍ പറ്റുന്നൊരു മനസായിരുന്നു മണിയുടേത്. മണിയെ അടുത്തറിയാവുന്നവര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടുണ്ടാവും. ആകാശത്തോളം പൊങ്ങിനില്‍ക്കുമ്പോഴും മുഖത്തുനോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തളര്‍ന്നുപോകുന്ന മനസായിരുന്നു മണിയുടേത്.
ജീവിതത്തിന്റെ എല്ലാ ദു:ഖങ്ങളും പേറിവന്ന ഒരു ചെറുപ്പക്കാരനോട് നീതി കാണിക്കാന്‍ നമുക്കായില്ല. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നല്കിയപ്പോള് ജൂറി പറഞ്ഞ ന്യായം ചെറുപ്പക്കാര്‍ വളര്‍ന്നുവരട്ടെ എന്നായിരുന്നു. എന്നാല്‍ 27ാം വയസില്‍ മണി ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന് അവാര്‍ഡ് കൊടുക്കാന്‍ അന്ന് ഈ ന്യായം കണ്ടില്ല. സിനിമയില്‍ ഒരു വരേണ്യവര്‍ഗ്ഗം ഉണ്ടെന്നാണ് കലാഭവന്‍ മണിയുടെ അനുഭവങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്..’