യുകെയില്‍ വാഹന അപകടത്തില്‍ മലയാളിയുടെ ജീവന്‍ പൊലിഞ്ഞു; മരണപ്പെട്ട ജോണ്‍പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം മാതൃകയായി

സ്‌കൂളില്‍ നിന്നും മകളേയും വിളിച്ച് മടങ്ങുകയായിരുന്ന കൂടല്ലൂര്‍ സ്വദേശിയുടെയും മകളുടേയും ദേഹത്തേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ചു കയറി അപകടത്തില്‍പ്പെട്ട മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. യുകെ മലയാളി സമൂഹം ഒന്നാകെ നടുക്കത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ സെന്റ് ജോണ്‍ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് 4.35 ഓടെയായിരുന്നു ദാരുണ സംഭവം. മകളെ സ്‌കൂളില്‍ നിന്നും ക്വയര്‍ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണാണ് മരണമടഞ്ഞത്. മകള്‍ക്കും പരുക്കേറ്റു. ഇവര്‍ക്കൊപ്പം തദ്ദേശ വാസിയായ ഒരു സ്ത്രീയ്ക്കും മറ്റൊരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല.

അപകടമുണ്ടാക്കിയ കിയ പികാന്റൊ കാര്‍ അതിവേഗതയില്‍ പാഞ്ഞുവരികയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. പോളും മകളും അടക്കമുള്ള കാല്‍നട യാത്രക്കാര്‍ സിഗ്‌നല്‍ നോക്കി റോഡ് ക്രോസ്സ് ചെയ്യുമ്പോഴായിരുന്നു അപകടം. ആളുകള്‍ അറിയിച്ചതനുസരിച്ച് എയര്‍ ആംബുലന്‍സും പാരാമെഡിക്കുകളും പോലീസും ഉടന്തന്നെ സ്ഥലത്തെത്തി. എയര്‍ ആംബുലന്‍സ് സഹായത്തോടെ പോളിനേയും മകളേയും സാല്‍ഫോഡ് ഹോപ്പ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 വയസ്സുള്ള മകള്‍ ആഞ്ചലാ അപകടനില തരണംചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആഞ്ചലോയെ വിഥിന്‍ഷൊ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവര്‍ക്കൊപ്പം അപകടം സംഭവിച്ച തദ്ദേശവാസിയായ സ്ത്രീയും അവരുടെ 2 വയസ്സുള്ള കുട്ടിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് മാഞ്ചസ്റ്ററിലെ സാമൂഹിക രഗത്തെ മുഴുവന്‍ മലയാളികളും ഹോസ്പിറ്റലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

വിഥിന്‍ഷോയില്‍ തിരക്കേറിയ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. അതിവേഗതയില്‍ വന്നകാര്‍ നിയന്ത്രണം വിട്ട നിലയില്‍ ആയിരുന്നുവെന്നും പറയുന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതവും ഇതുമൂലം പോലീസ് മണിക്കൂറുകളോളം നിര്‍ത്തിവച്ചു.കിടങ്ങൂര്‍ കൂടല്ലൂര്‍ വല്ലാത്ത് പാടത്ത് കുടുംബാഗമാണ് പോള്‍ ജോണ്‍. ഭാര്യ മിനി നഴ്സായി ജോലി ചെയ്യുന്നു. പോളിന് രണ്ടു കുട്ടികളാണുള്ളത്. അതില്‍ മൂത്തകുട്ടിയാണ് അപകടം സമയം കൂടെയുണ്ടായിരുന്ന ആഞ്ചെലൊ.

വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പോളിന്റെ മസ്തിഷ്‌കത്തില്‍ നിന്നൂം രക്തം വാര്‍ന്നിരുന്നൂ. കാറിടിച്ചപ്പോള്‍ തലയില്‍ സാരമായ പരുക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പോളിന്റെ ശരീരം തുടര്‍ച്ചയായ ശസ്ത്രക്രിയയ്ക്ക് വിധേയമാവുക ആയിരുന്നു. പോളിന്റെ മൃതദേഹത്തില്‍ നിന്നും അവയവദാനത്തിനായി ആവശ്യമുള്ള ഭാഗങ്ങള്‍ എടുത്തിട്ടുണ്ട്. ഏതെല്ലാം അവയവങ്ങള്‍ ഉപയോഗിക്കാവോ അവയൊക്കെ ഉപയോഗിക്കാന്‍ ആയിരുന്നു പോളിന്റെ ആഗ്രഹം എന്നു വീട്ടുകാര്‍ പറഞ്ഞതോടെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മരിച്ചു മണ്ണടിയുമ്പോള്‍ ഒരു പ്രയോജനവും ഇല്ലാത്ത അവയവങ്ങള്‍ എല്ലാം പുതു ശരീരങ്ങളില്‍ ജീവനായി തുടിക്കട്ടെയെന്ന് ഭാര്യ സമ്മതിച്ചതോടെ മനുഷ്യസ്നേഹത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം പിറന്നു.

ഇന്നലെ രാത്രി തന്നെ അവയവ മാറ്റ ശാസ്ത്രക്രിയകള്‍ നടന്നു. അവയവങ്ങള്‍ ആര്‍ക്കൊക്കെയാണ് പുതുജീവന്‍ നല്‍കുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സ്ഥിരീകരിച്ച ശേഷം വിവരം അറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് മലയാളികളാണ് ഇന്നലെ സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലില്‍ തടിച്ചുകൂടിയത്. മാത്രമല്ല, സെന്റ് ജോണ്‍സ് പള്ളിയില്‍ പരേതന്റെ ആത്മാവിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനയില്‍ ഒത്തുകൂടിയത് അനേകം പേരാണ്. പോളിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാ മലയാളികളുടേയും പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ഥിക്കുന്നതായ് അറിയിച്ചു. വിഥിന്‍ഷോയിലെ മലയാളി കൂട്ടായ്മകളില്‍ പോളിന്റെയും മകളുടേയും അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടേയും സൗഖ്യത്തിനായ് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. യുകെ മലയാളി സമൂഹം ഒന്നാകെ ഇപ്പോള്‍ ഇവരുടെ സൗഖ്യത്തിനായ് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.

Top