ബീജിംഗ്: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അത് സ്വീകരിച്ചതിന് പണി പോയ വാര്‍ത്ത ഇതാദ്യമാണ്. ജോലിക്കിടെ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിപ്പിച്ചത് വിമാന കമ്പനി .എയര്‍ ഹോസ്റ്റസ് ആയ യുവതിയോടാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കാമുകന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ജോലിയില്‍ നിന്ന് യുവതിയെ കമ്പനി പുറത്താക്കുകയായിരുന്നു. ചൈനയിലാണ് അസാധാരണ സംഭവം അരങ്ങേറിയത്.
വിവാഹ അഭ്യര്‍ത്ഥന നടത്താന്‍ വേണ്ടിയാണ് യുവതി ജോലി ചെയ്യുന്ന അതേ വിമാനത്തില്‍ തന്നെ കാമുകന്‍ യാത്ര ചെയ്തത്. യാത്രമധ്യേ വിമാനത്തില്‍ വെച്ച് യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ കമ്പനി യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
https://youtu.be/8Nav9tBWPv4
ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍ ജീവനക്കാരിക്കെതിരെയാണ് കമ്പനി മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അര മണിക്കൂറിനു ശേഷമാണ് യുവാവ് എയര്‍ ഹോസ്റ്റസിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്. സ്വകാര്യ നിമിഷങ്ങള്‍ക്കായി യാത്രക്കാരുടെ സുരക്ഷ വിഷയത്തില്‍ വിട്ടുവീഴ്ച വരുത്താനാവില്ലെന്നും ഈസ്റ്റേണ്‍ ചൈന വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനവും ഉയരുകയാണ്.