![](http://dailyindianherald.com/wp-content/uploads/2018/06/13-18.jpg)
മുംബൈ: തന്റെ വീട്ടുമുറ്റത്തെ മാങ്ങ കഴിച്ച് നിരവധി ദമ്പതികൾക്ക് കുട്ടികളുണ്ടായി എന്ന് അവകാശപ്പെട്ട സംഭാജി ഭിഡെയ്ക്ക് നാസിക് മുനിസിപ്പൽ കോർപ്പറേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മാങ്ങ കഴിച്ച് കുട്ടികൾ ഉണ്ടായ ദമ്പതികളുടെ പേരുവിവരങ്ങൾ കോർപ്പറേഷനിൽ അറിയിക്കണമെന്നാണ് ഭിഡെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ തോട്ടത്തിലെ മാങ്ങകഴിച്ച് നിരവധി ദമ്പതികൾക്ക് ആൺകുട്ടികളുണ്ടായെന്നും ഭിഡെ പറഞ്ഞിരുന്നു. നാസിക്കിൽ നടന്ന ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. മാങ്ങയ്ക്ക് വളരെയധികം പോഷകഗുണങ്ങളുണ്ട്. തന്റെ തോട്ടത്തിലെ മാങ്ങകൾ കഴിച്ച് നിരവധി പേർക്ക് പുത്രഭാഗ്യം ഉണ്ടായിട്ടുണ്ട്. ഈ രഹസ്യം എന്റെ അമ്മയോട് മാത്രമെ പങ്കുവെച്ചിട്ടുള്ളത്. 150 ദമ്പതികൾക്കാണ് മാങ്ങ കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായതെന്നും ഭിഡെ പറഞ്ഞിരുന്നു.
ഇവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഭിഡെയുടെ പരാമർശത്തിനെതിരെ ചില സാമൂഹിക പ്രവർത്തകർ രംഗത്ത് വരികയും പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കോർപ്പറേഷൻ വിശദീകരണം ആവശ്യപ്പെട്ടത്. ഭീമ കൊറിഗാവ് കലാപത്തിന് പിന്നിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് സംഭാജി ഭിഡെയെന്ന് ആരോപണം ഉണ്ട്. ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ.