
സിനിമാ ഡെസ്ക്
കലാഭവൻ മണി പല ചീത്ത കൂട്ടുകെട്ടിലും പെട്ടിരുന്നതായി നടനും മണിയുടെ ഉറ്റസുഹൃത്തുമായ ദിലീപ്. ചീത്ത കൂട്ടുകെട്ടുകളിൽ അവൻ പെട്ടുപോയത് നിർഭാഗ്യകരമായി. അവന്റെ ചില സൗഹൃദങ്ങളെ ഞങ്ങൾ എതിർത്തിരുന്നു. അവരിൽ നിന്നും മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ പോലും മണി തയ്യാറായില്ല. അതും മണിയുടെ പതനത്തിന് കാരണമായതായി ദിലീപ് പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിലീപ്. മണി ചാലക്കുടിയിലെ ആളുകളോട് ഇടപെടുന്ന രീതിയും അവരെ സഹായിക്കുന്നതും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ട്. പക്ഷേ തന്നെ സംബന്ധിച്ച് മണിയുടെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും ദിലീപ് പറഞ്ഞു. മണി പാകം ചെയ്ത ഭക്ഷണം താൻ കഴിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു.
മണിയുടെ മടിയിൽ തലവച്ച് താൻ കിടന്നുറങ്ങിയിട്ടുണ്ട്. വളരെയധികം കെയർ ചെയ്യുന്ന കൂട്ടുകാരനായിരുന്നു മണിയെന്നും ദിലീപ് കൂട്ടിച്ചേർത്തു. ജീവനില്ലാത്ത മണിയുടെ ശരീരം കണ്ടപ്പോൾ എന്റെ ശക്തിയെല്ലാം ചോർന്നു പോയതു പോലെയാണ് തോന്നിയത്. മണിയുടെ നാടായ ചാലക്കുടിയിൽ ഒരു തീയറ്റർ തുടങ്ങണമെന്നാണ് തന്റെ സ്വപ്നമെന്നും ദിലീപ് പറഞ്ഞു.