കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിച്ച നടനും രാഷ്ട്രീയനേതാവുമായ മന്‍സൂര്‍ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം താരം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പൊതുസ്വത്ത് നശിപ്പിച്ചെന്ന പേരിലാണ് അറസ്റ്റ് ചെയ്തതെന്നും എന്താണ് താന്‍ നശിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും മന്‍സൂര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് എല്ലാവരേയും റിലീസ് ചെയ്തിട്ടും മന്‍സൂര്‍ അലിഖാനെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ നടന്‍ ചിമ്പു രംഗത്തെത്തിയിരുന്നു. ചെന്നൈയിലെ കമ്മീഷണര്‍ ഓഫീസിലേക്ക് നടന്‍ പൊതുജനങ്ങളുടെ പിന്തുണയോടെ പരാതി നല്‍കിയിരുന്നു.
മന്‍സൂര്‍ അലിഖാന്റെ വാക്കുകള്‍:
കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഞങ്ങളെ പല കേസുകള്‍ കെട്ടിവെച്ച് അറസ്റ്റ് ചെയ്തു.പൊതുസ്വത്ത് നശിപ്പിച്ചെന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ജെല്ലിക്കെട്ട് പ്രക്ഷോഭ സമയത്ത് ജനങ്ങള്‍ക്കെതിരെ പൊലീസിന്റെ ആക്രമണമായിരുന്നു. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഞങ്ങള്‍ക്കും കുടുംബവും ജോലിയും ഉണ്ട്. തിരുത്തണി സ്‌റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറഞ്ഞിട്ടുണ്ട്. മോദിയെ പോലെ ഫ്‌ളൈറ്റില്‍ പറന്ന് പോകാനൊന്നും ഞങ്ങള്‍ക്കാവില്ല. ഇത് എവിടത്തെ ന്യായമാണ്. ജയിലില്‍ നല്ല സുഖവാസമായിരുന്നു. മാവ്, സപ്പോട്ട, വേപ്പ് നിരവധി മരങ്ങളും തോട്ടങ്ങളും ഉണ്ട്. നല്ല സുഖകരമായി കിടന്ന് പുസ്തക വായനയിലായിരുന്നു. ഈ ഒരു സ്ഥലം മാത്രമാണ് മോദിയും എടപ്പാടി സര്‍ക്കാരും വില്‍ക്കാതിരിക്കുന്നത്. അതുകൊണ്ട് ആ സ്ഥലം പുണ്യഭൂമിയാണ്. ഞങ്ങള്‍ക്ക് ജയിലില്‍ പോകുന്നത് പള്ളിയില്‍ പോകുന്നതിന് തുല്യം. അനധികൃത സ്വത്ത് സമ്പാദിക്കുന്നവരെ ജയിലില്‍ തള്ളി അവരുടെ സ്വത്തുകള്‍ വ്യവസായികള്‍ക്ക് പങ്കുവെക്കണം. അതിനായി ഞങ്ങള്‍ ഇനിയും പോരാട്ടം നടത്തും.