സ്വന്തം ലേഖകൻ
ലണ്ടൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധം അതിരുവിട്ടപ്പോൾ മന്ത്രിപുത്രിയുടെ കല്യാണം അലമ്പായി. ഭരണവിരുദ്ധ വികാരം ആളി കത്തിയപ്പോൾ ആരോഗ്യ മന്ത്രിയുടെ മകളുടെ കല്ല്യാണത്തിൽ ചീമുട്ടയേറിൽ കലാശിച്ചു. ബ്രസീലിൽ മിഷേൽ തെമർ മന്ത്രി സഭയ്ക്കെതിരെയുള്ള പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയിൽ കുളിപ്പിക്കുന്നതിൽ കലാശിച്ചത്. വിവാഹത്തിനെത്തിയ വിവിഐപികൾക്കും കിട്ടി ഏറ്.
ആരോഗ്യ മന്ത്രി റിക്കാർഡോ ബറോസിന്റെ മകളും പിരാന സ്റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിനാണ് വിവാഹദിനം പരീക്ഷണ ദിനമായത്. ചടങ്ങു നടന്ന പള്ളിക്ക് മുന്നിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. പുറത്തേയ്ക്കിറങ്ങിയതോടെ വധുവിനെയും വരനെയും വിവിഐപികളെയും ചീമുട്ടയിൽ കുളിപ്പിച്ചു. ബ്രസീൽ കോൺഗ്രസിലെ 300ഓളം അംഗങ്ങൾ ചടങ്ങിനെത്തിയിരുന്നു.
പിന്നീട് ഗാർഡുകൾക്കൊപ്പം വധുവും വരനും കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. മുൻ പ്രസിഡന്റ് ദിൽമ റൂസഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മിഷേൽ തൈമൂറിനോടും അദ്ദേഹത്തിന്റെ മന്ത്രി ഭയോടും പ്രതിഷേധം രൂക്ഷമാവുകയാണ്