ന്യൂയോര്‍ക്ക്: കഴിഞ്ഞ മാസം ചൊവ്വക്കു നേരെ കുതിച്ച സൗരവാതം ഗ്രഹാന്തരീക്ഷത്തില്‍ അസാധാരണമായ പ്രകാശം ഉണ്ടാക്കിയതായി നാസ ഗവേഷകര്‍. ഇന്നേവരെ ദൃശ്യമായതിനേക്കാള്‍ 25 മടങ്ങ് തീവ്രതയുള്ള പ്രഭ ചൊവ്വയുടെ അന്തരീക്ഷത്തെ ഒന്നടങ്കം വെള്ളിവെളിച്ചത്തില്‍ പൊതിഞ്ഞതായി ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.
ചൊവ്വയിലെ റേഡിയോ വികിരണ തോതും ഇതുമൂലം ഇരട്ടിയായി. ചൊവ്വ പഠനത്തിനായി നിയോഗിക്കപ്പെട്ട മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളൈട്ടല്‍ എവലൂഷന്‍ (മാവെന്‍) ഓര്‍ബിറ്റര്‍ പേടകം കഴിഞ്ഞമാസം 11നാണ് സൗരവാതത്തിന്റെ ചൊവ്വയിലെ പ്രഭാവം കണ്ടെത്തിയത്.സൗരവാതങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ ചെലുത്തുന്ന പ്രഭാവത്തെ സംബന്ധിച്ച് 2014 മുതല്‍ പഠനം നടത്തിവരുകയാണ് ഓര്‍ബിറ്റര്‍. ‘ശക്തമായ ബള്‍ബില്‍ നിന്ന് പുറപ്പെടുന്ന കിരണങ്ങളെ പോലെയാണ് ചൊവ്വയുടെ അന്തരീക്ഷം പ്രകാശപൂര്‍ണമായതെന്ന് നാസ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.