നേരം ഇരുട്ടിയാല്‍ ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് ആധിയാണ്. സുരക്ഷ ഒരുക്കാന്‍ ബാധ്യസ്ഥരായ നിയമപാലകര്‍ തന്നെയാണ് ഇതിന് കാരണം. അവര്‍ക്ക് വേണ്ടത് സുന്ദരികളെ. അതും യുവത്വത്തിലേക്ക് കടന്ന പെണ്‍കുട്ടികളെ. വാതില്‍ ചവിട്ടിത്തുറന്ന് സൈസികരും പോലീസുകാരും വീട്ടിലേക്കെത്തും. മക്കളെ ഒളിപ്പിക്കാന്‍ പാടുപെടുന്ന അമ്മമാര്‍. ദയനീയമാണ് ഈ കാഴ്ച. പൊളിഞ്ഞു വീഴാറായ വീടുകളില്‍ സൈന്യത്തിന് കാണാത്ത ഇടങ്ങളില്ല. ഒടുവില്‍ അമ്മമാരുടെ മുന്നില്‍ വച്ച്, അല്ലെങ്കില്‍ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, പിച്ചി ചീന്തപ്പെട്ട എത്രയോ പെണ്‍കൊടികള്‍. നടുക്കുന്ന വെളിപ്പെടുത്തല്‍ ഒരു വീട്ടമ്മയുടേതാണ്. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് ജീവന്‍ രക്ഷാര്‍ഥം പലായനം ചെയ്യുന്ന റോഹിന്‍ഗ്യകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ന് ആഗോള തലത്തില്‍ ചര്‍ച്ചയാണ്. റാഖൈനില്‍ നിന്നു രക്ഷപ്പെട്ട അമ്മമാരാണ് മ്യാന്‍മര്‍ സൈന്യം ചെയ്യുന്ന ക്രൂരതകള്‍ വെളിപ്പെടുത്തിയത്. റാഖൈനിലെ റോഹിന്‍ഗ്യകളുടെ ദുരിതങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഒരു രാജ്യവും അവരെ സ്വീകരിക്കുന്നില്ല. ഒരു രാജ്യത്തും അവര്‍ക്ക് പൗരത്വവുമില്ല. മ്യാന്‍മറില്‍ 13 ലക്ഷം റോഹിന്‍ഗ്യകളുണ്ടെന്നാണ് നേരത്തെയുള്ള കണക്ക്. മറ്റു അയല്‍രാജ്യങ്ങളിലുള്ള റോഹിന്‍ഗ്യകളെ കൂടി ചേര്‍ത്താല്‍ 15 ലക്ഷം കവിയും. ഇന്ന് ഈ ജനത ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗം റോഹിന്‍ഗ്യകളാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പറയുന്നു. ഇന്ന് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് റോഹിന്‍ഗ്യകള്‍. നേരത്തെ തീവ്ര ബുദ്ധിസ്റ്റുകളാണ് റോഹിന്‍ഗ്യകള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സൈന്യം തന്നെയാണ് കടുത്ത ആക്രമണം നടത്തുന്നത്. റോഹിന്‍ഗ്യകളെ കൂട്ടക്കൊല ചെയ്ത സൈന്യം നിരവധി ഗ്രാമങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു.
മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ വീട്ടമ്മമാരാണ് സൈന്യത്തിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ നേരിട്ട പീഡനമാണ് അഭയാഥി ക്യാംപില്‍ കഴിയുന്ന ഹാമിദ ഖതൂം പറയുന്നത്. രാത്രി സൈനികര്‍ വീട്ടിലെത്തുന്നത് സംബന്ധിച്ച പറയുമ്പോള്‍ അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സുന്ദരികളെ തേടിയാണ് സൈനികര്‍ എത്തുന്നത്. നിരവധി പെണ്‍കുട്ടികളെ അവര്‍ പീഡിപ്പിച്ചുവെന്നും ഹാമിദ പറയുന്നു. പെണ്‍കുട്ടികളെ വീട്ടമ്മമാര്‍ക്ക് മുമ്പിലിട്ട് പീഡിപ്പിച്ച നിരവധി സംഭവങ്ങളുണ്ടായി. പലരെയും വീട്ടില്‍ നിന്നി പിടിച്ചുകൊണ്ടുപോയി. അവരെ പിന്നീട് തലയറുത്ത് കൊന്ന നിലയില്‍ കാണപ്പെട്ടുവെന്നും ഹാമിദ പറയുന്നു. കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷമായിരുന്നു മിക്ക പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയത്. ഇതില്‍ സഹികെട്ടാണ് മാതൃരാജ്യം വിട്ട് പലായനം ചെയ്തതെന്നും ഹാമിദ പറയുന്നു. കൂടെയുള്ള വീട്ടമ്മമാരും സമാന അനുഭവമുള്ളവരാണ്. ഭക്ഷണവും വെള്ളവുമില്ലാതെയായിരുന്നു ഹാമദയും ബന്ധുക്കളും ദിവസങ്ങളോളം കാടുകളിലൂടെ അലഞ്ഞുനടന്നത്. പിന്നീട് നഫ് നദിക്കരയിലെത്തി. അഭയാര്‍ഥികളെ കടത്തുന്ന ബോട്ടില്‍ കയറിപ്പറ്റി.
ഹാമിദയുടെ ഭര്‍ത്താവിനെ മ്യാന്‍മര്‍ സൈന്യം വെടിവച്ചിരുന്നു. ദേഹത്തു തുളഞ്ഞുകയറിയ വെടിയുണ്ട ദിവസങ്ങള്‍ക്ക് ശേഷം എടുത്തു കളഞ്ഞു. തലനാരിഴക്കാണ് ഭര്‍ത്താവ് രക്ഷപ്പെട്ടതെന്ന് ഹാമിദ പറയുന്നു. മ്യാന്‍മര്‍ സൈന്യത്തിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്യുന്നത് ഇസ്രായേലാണ്. ഇസ്രായേല്‍ ആയുധങ്ങളാണ് മ്യാന്‍മര്‍ സൈന്യം കാര്യമായും ഉപയോഗിക്കുന്നത്. അമേരിക്കയും യൂറോപ്പും മ്യാന്‍മറിന് ആയുധം നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്.