സൗദി സഖ്യരാജ്യങ്ങളുടെ ബഹിഷ്‌കരണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള എല്ലാ നീക്കങ്ങളും നടത്തുകയാണ് ഖത്തര്‍. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് പാല്‍ എത്തിയിരുന്നത്. എന്നാല്‍ സൗദിയും ബഹ്‌റൈനും യുഎഇയും ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ ഖത്തറില്‍ പാല്‍ കിട്ടാത്ത അവസ്ഥയാണ്.
സ്വന്തമായി പാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം ആണ് ഇപ്പോള്‍ ഖത്തറില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി വിദേശത്ത് നിന്നു ഒരു കൂട്ടം പശുക്കളെ എത്തിച്ചു. ഭക്ഷ്യ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനാണ് രാജ്യം ശ്രമിക്കുന്നത്.
165 പശുക്കളെയാണ് ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ദോഹയിലെത്തിച്ചിരക്കുന്നത്. ഇതില്‍ 35 പശുക്കള്‍ ഇപ്പോള്‍ തന്നെ പാല്‍ ചുരത്തുന്നുണ്ട്. ബാക്കിയുള്ളവ രണ്ടാഴ്ചക്കകം പ്രസവിക്കും. ഖത്തര്‍ എയര്‍വെയ്‌സിന്‍റെ വിമാനത്തിലാണ് പശുക്കളെ കൊണ്ടുവന്നത്.
ദോഹയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയുള്ള ഫാമിലാണ് ഇപ്പോള്‍ പശുക്കള്‍ ഉള്ളത്. ഇനിയും പശുക്കള്‍ എത്താനുണ്ട്. അവയ്ക്ക് ഇവിടെ സൗകര്യം ഒരുക്കുമെന്ന് ബലദ്‌ന ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷനിലെ മാനേജര്‍ ജോണ്‍ ഡോറി അറിയിച്ചു.
4000 പശുക്കളെ ഖത്തറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യഘട്ടമായുള്ള നടപടിയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. അടുത്ത മാസം ബാക്കി പശുക്കളെ എത്തിക്കും.
ബുഡാപെസ്റ്റില്‍ നിന്നു തന്നെയാണ് മുഴുവന്‍ പശുക്കളെയും എത്തിക്കുക. 4000 പശുക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഖത്തറിലെ ജനങ്ങള്‍ക്ക് സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമെത്തുന്ന പാല്‍ ആണ് രാജ്യത്തെ കടകളില്‍ വില്‍പ്പന നടത്തിയിരുന്നത്.
നിലവില്‍ ഖത്തറില്‍ 5000 കന്നുകാലികളാണുള്ളത്. ഇത് 25000 ആക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പാലിനും ഇറച്ചിക്കും ഇനി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാണ് ഖത്തറിന്‍റെ തീരുമാനം.