മോഡലിങ് ലോകത്തെ പുതിയ റാണിയാണ് കെന്‍ഡല്‍ ജെന്നര്‍. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മോഡലാണ് ജെന്നര്‍. ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ ഉണ്ടാക്കുന്നത്. 2017ലെ പുതിയ റാണിയാണ് കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍. കാരണം 15 വര്‍ഷത്തോളം മോഡലിങ്ങ് രംഗത്തെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് ഗിസ്‌ലി ബുണ്‍ഡ്‌ചെന്‍ ആയിരുന്നു. ആ റെക്കോഡാണ് ഇപ്പോള്‍ ജെന്നര്‍ തകര്‍ത്തിരിക്കുന്നത്. ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ജെന്നര്‍ ഷെയര്‍ ചെയ്യുന്ന പ്രൊമോഷണല്‍ പോസ്റ്റുകള്‍ 85 ദശലക്ഷത്തിലധികം വരുന്ന അവരുടെ ഫോളോവേഴ്‌സിലേക്കാണ് എത്തുന്നത്. വമ്പന്‍ ഫാഷന്‍ സംരംഭങ്ങള്‍ അതുകൊണ്ടുതന്നെ ജെന്നറിനെ തേടിയെത്തുന്നു. എസ്റ്റീ ലൗഡര്‍, ലാ പെര്‍ല, അഡിഡാസ് തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഈ വര്‍ഷം മോഡല്‍ ആയി ജെന്നറിനെയാണ് തെരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അസംഖ്യം പ്രൊമോഷനുകളാണ് ജെന്നറിന്റെ വിപണി മൂല്യവും സമ്പാദ്യവും കുത്തനെ ഉയര്‍ത്തിയത്. ലോസ് ഏഞ്ചല്‍സില്‍ ജനിച്ചുവളര്‍ന്ന ജെന്നര്‍ തന്റെ 14ാം വയസിലാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്. വോഗിന്റെ ഫോട്ടോഷൂട്ടിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. 2011ലെ മെഴ്‌സിഡെസ് ബെന്‍സ് ഫാഷന്‍ വീക്കില്‍ പങ്കെടുത്ത് താരമായി. ടൈം മാസികയുടെ സ്വാധീനം ചെലുത്തുന്ന യുവാക്കളുടെ പട്ടികയിലും പീപ്പിള്‍ മാസികയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ പട്ടികയിലും ഗൂഗിളിന്റെ മോസ്റ്റ് ഗൂഗിള്‍ഡ് പട്ടികയിലുമെല്ലാം ജെന്നര്‍ ഇടം നേടി.
ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള മോഡലുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം കെന്‍ഡല്‍ ജെന്നറിന്
Tags: model kental genner