ഹാംബർഗ്:അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ ജി 20 ഉച്ചകോടിക്കായി ജർമനിയിലെ ഹാംബുർഗിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ചിൻപിങ്ങും കൂടിക്കണ്ടത്. ഇരുവരും ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‍ലെ ട്വീറ്റ് ചെയ്തു.പത്തുമിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും പരസ്പരം പുകഴ്ത്തുകയും ചെയ്തു. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിലും മോദിയും ഷി ചിൻപിംഗും പങ്കെടുക്കുന്നുണ്ട്.
സിക്കിം അതർത്തിയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ മോദിയുമായി ഷി ചിൻപിംഗ് കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന അറിയിച്ചിരുന്നു. ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കു ചൈന അനുവാദം ചോദിച്ചിരുന്നില്ലെന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങൾക്കുമിടിയിലുള്ള ഉഭയകക്ഷി ചർച്ചകൾ വഴിമുട്ടിനിൽക്കുന്നതിനിടെയാണ് മഞ്ഞുരുക്കി മോദിയും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയത്.ഇന്ത്യയും ഭൂട്ടാനും ചൈനയും അതിർത്തി പങ്കിടുന്ന ദോക് ലായിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യം നേർക്കുനേർ നിൽക്കുകയാണ്. അതിർത്തി മേഖലയിൽ റോഡ് നിർമിച്ചും ഇന്ത്യയിൽനിന്നുള്ള തീർഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾ അവർ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഹാംബർഗിൽ ചൈന ആതിഥേയത്വം വഹിച്ച ബ്രിക്സ് രാഷ്ട്രതലവൻമാരുടെ അനൗദ്യോഗിക കൂടിച്ചേരലിൽ മോദിയും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‍ലെ അറിയിച്ചു. ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കൾ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും പരസ്പരം പുകഴ്ത്തി സംസാരിച്ചതും ശ്രദ്ധേയമായി. ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിലാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയെ പുകഴ്ത്തിയത്. ബ്രിക്സ് കൂട്ടായ്മയെ ഏറ്റവും ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യ മുൻകൈ എടുക്കുന്നതിനെയും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് ആശംസകൾ നേർന്നു. ബ്രിക്സ് കൂട്ടായ്മയുടെ മുന്നേറ്റത്തിൽ ചൈനയുടെ സംഭാവന മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി–20 ഉച്ചകോടിക്കിടെ മോദിയും ചിൻപിങ്ങും ഉൾപ്പെടെയുള്ള ബ്രിക്സ് നേതാക്കൾ യോഗം ചേരുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. എന്നാൽ, ചൈനീസ് നേതാവുമായി ഉഭയകക്ഷി ചർച്ച കാര്യപരിപാടിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്തരീക്ഷം ഉഭയകക്ഷി ചർച്ചയ്ക്കു യോജിച്ചതല്ലെന്നായിരുന്നു ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങിന്റെ പ്രതികരണം. അതിർത്തിയിൽനിന്ന് ഇന്ത്യ സൈന്യത്തെ ഉടൻ പിൻവലിച്ചു സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.