
മലയാള സിനിമയിലെ സ്ഥിരം താര ജോഡികളായിരുന്നു മോഹന്‍ലാലും നടി ശോഭനയും ഒരിക്കല്‍ ശോഭനയ്ക്കും മോഹന്‍ലാലിനും മാപ്പ് പറയേണ്ടിവന്നു ആ പഴയകഥയാണ് ഇവിടെ കുറിക്കുന്നത്. പശ്സ്തിയുടെ കൊടുമുടിയില്‍ നിന്നിരുന്ന സമയത്ത് ഒരു സെറ്റിലെ മുഴവന്‍ ആളുകളോടും ശോഭന മാപ്പു പറയേണ്ടി വന്നത്.
അതു മാത്രമല്ല മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കൊണ്ടും മാപ്പു പറയിപ്പിയ്ക്കാന് കാരണക്കാരിയാവുകയും ചെയ്തു. പവിത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് അതു സംഭവിച്ചത്. പിറവത്തായിരുന്നു പവിത്രത്തിന്റെ ഷൂട്ടിംഗ്, അവിടുത്തെ ഒരു വലിയ മനയില്‍. താമസം എറണാകുളത്തും. അതുകൊണ്ട് കടുത്തൊരു നിബന്ധന സംവിധായകന് ടികെ രാജീവ് കുമാര്‍ വച്ചിരുന്നു. എല്ലാദിവസവും രാവിലെ നാല് മണിക്ക് വണ്ടി പുറപ്പെടും. അതില്‍ വരാന്‍ കഴിയാത്തവര്‍ക്ക് സ്വന്തം ചെലവില്‍ വരേണ്ടിവരും.
ഷൂട്ടിംഗ് തീരുന്നതുവരെ മോഹന്‍ലാല്‍ ആ നിബന്ധന തെറ്റിച്ചിട്ടില്ല. അദ്ദേഹം മൂന്നേമുക്കാലിന് വണ്ടിയില്‍ ഇടംപിടിച്ചിട്ടുണ്ടാവും. ഈ സമയനിഷ്ഠ ഏറെ ബാധിച്ചത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍എല്‍ ബാലകൃഷ്ണനെ പോലെയുള്ളവരെയായിരുന്നു. ആദ്യത്തെ ഒരാഴ്ച അദ്ദേഹം ബസ്സൊക്കെ പിടിച്ചാണ് ലൊക്കേഷനില്‍ എത്തിയത്. ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തു. മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യേണ്ടത്. അന്നെന്തോ ശോഭനയ്ക്ക് പറഞ്ഞ സമയത്ത് ഹോട്ടലില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. മോഹന്‍ലാലിനും ശോഭനയ്ക്കുമായി ഒരു വണ്ടിയാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. ശോഭന വരാന്‍ വൈകുന്നതുകണ്ട് മോഹന്‍ലാല്‍ ഏറെ ക്ഷുഭിതനായി. ഒടുവില്‍ ശോഭനയെത്തി, മോഹന്‍ലാലും ശോഭനയും സെറ്റിലെത്തുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞിരുന്നു. മോഹന്‍ലാല്‍ വന്ന പാടെ യൂണിറ്റിലുള്ള മുഴുവന്‍ പേരോടും ക്ഷമാപണം നടത്തി. ശോഭനയെക്കൊണ്ടും ക്ഷമ പറയിപ്പിച്ചു. ആ സീന്‍ പിന്നെ അടുത്ത ദിവസമാണ് ചിത്രീകരിച്ചത്.