
കൊച്ചി: കൊച്ചിയില്‍ വന്‍ കൊള്ളപ്പലിശ സംഘം പിടിയില്‍. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘമാണ് അറസ്റ്റിലായത്. ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 500 കോടിയോളം രൂപ കേരളത്തിലേക്ക് മാത്രം ഇവര്‍ വിതരണം ചെയ്തതായാണ് വിവരം.
എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പൊലീസില്‍ പരാതി നല്കിയത്.
അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള പണമിടപാടാണ് സംഘം നടത്തിയിരിക്കുന്നതെന്ന് വ്യക്തമായത്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പണം നല്‍കിയതെന്നാണ് ഇവരുടെ മൊഴി. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അഞ്ച് കോടി രൂപയുടെ പ്രോമിസറി നോട്ടുകളും അനുബന്ധ രേഖകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നതായിരുന്നു ഇവരുടെ പതിവ്.