
കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാൻ തടസം ആയതിനാലാണ് നൊന്തുപെറ്റ പിണച്ചുകുഞ്ഞിനെ കൊന്നുതള്ളിയ ‘അമ്മ ശരണ്യക്കെതിരെ ജനരോക്ഷം ശക്തമാവുകയാണ് .സംഭവത്തിൽ സമൂഹ മനസാക്ഷി മരവിച്ചിരിക്കയാണ് .ഉറങ്ങാന്‍ കിടന്ന ഒന്നരവയസ്സുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയത്. പോലീസിനോട് ശരണ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകിട്ടോടെ ശരണ്യയുടെ അറസ്റ്റ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മനഃസാക്ഷിയെ നടക്കുന്ന ക്രൂരകൃത്യമാണ് ശരണ്യ നടത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
ഭര്‍ത്താവ് പ്രണവുമായി അകന്നു കഴിഞ്ഞ ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാല്‍ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റ നിഗമനം. കൊലപാതക വിവരം പുറത്തായി പോലീസ് കേസെടുത്താല്‍ പ്രണവിനെ കുടുക്കാനുള്ള നീക്കവും ശരണ്യ നടത്തിയിരുന്നു.അകന്നു കഴിയുകയായിരുന്നെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് തലേന്ന് പ്രണവിനെ ശരണ്യ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പുലര്‍ച്ചെ കുഞ്ഞുമായി തനിച്ച് കടപ്പുറത്ത് എത്തിയ ശരണ്യ കുഞ്ഞിനെ കടല്‍ ഭിത്തിയിലെ കരിങ്കല്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
കരിങ്കല്ലില്‍ വീണ കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞതോടെ, താഴെ ഇറങ്ങി ചെന്ന് ശരണ്യ ഒരിക്കല്‍കൂടി കുഞ്ഞിനെ എടുത്ത് പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കുകായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ വീട്ടില്‍ പോയി കിടന്നുറങ്ങി. കല്ലില്‍ ശക്തമായി തലയടിച്ചാണ് കുഞ്ഞിന്റെ മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.രാവിലെയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും ശരണ്യ വിളിച്ചു പറയുന്നത്. കടലില്‍ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. പക്ഷെ തിരയില്‍ മൃതദേഹം തിരിച്ചെത്തി കല്‍ക്കെട്ടില്‍ കുടുങ്ങുകയായിരുന്നു.
കുഞ്ഞിന്റെ അച്ഛന് പ്രണവിന് നേര്‍ക്കായിരുന്നു ആദ്യം പോലീസിന്റെ സംശയ മുന നീണ്ടത്. രണ്ട് ദിവസത്തോളം ഇയാളേയും ചോദ്യം ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറസന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെതി വീട് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് പ്രതിയെ കുടുക്കാനുള്ള നിര്‍ണായക തെളിവ് ലഭിച്ചത്. വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശരണ്യ പതറുകയായിരുന്നു.
വസ്ത്രത്തിലെ ഉപ്പിന്റെ സാന്നിധ്യത്തില്‍ പിടിച്ച് പോലീസ് ചോദ്യം ചെയ്യല്‍ ശക്തമാക്കിയതോടെ പിടിച്ചുനില്ക്കാന് കഴിയാതെ ശരണ്യ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ശരണ്യയുടെ കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് നിലവില്‍ പോലീസിന്റെ നിഗമനം. ഇദ്ദേഹത്തേയും പോലീസ് ചോദ്യം ചെയ്തതായിട്ടാണ് സൂചന.ശരണ്യ-പ്രണവ് ദമ്പതികളുടെ മകന് വിയാന്റെ മൃതദേഹം കഴിഞ്ഞ ദിവസമായിരുന്നു തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളോടെ പാറക്കെട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ തന്നോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രണവിന്റെ പരാതിക്ക് പിന്നാലെ, പ്രണവിനെതിരെ സംശയമുന്നയിച്ച് ശരണ്യയുടെ ബന്ധുവും പോലീസില്‍ പരാതി നല്കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പോലീസിനെ കുഴക്കി.ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും മണല്‍തരികളോ ഉണ്ടാകുമെന്ന് പോലീസ് അനുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടത്.
ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ പോലീസിന്റെ അനുമാനം കൃത്യമാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് പ്രണവിന്റെ വീട്. കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച്ച വൈകിട്ടോടെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. പ്രണവും ശരണ്യയും ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.
അതേസമയം കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നപ്പോൾ ഏറെ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്.രാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി യുവതിയെ എത്തിച്ചത്. ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ വിവരിച്ചു. കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടൽക്കരയിൽ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു.
ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു. ജനങ്ങളുടെ തെറിവിളികൾ രൂക്ഷമായപ്പോൾ ജനങ്ങളെ തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തുനിന്നും ദൂരേക്കു മാറ്റാൻ പോലീസ് ശ്രമിച്ചു.തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ശരണ്യയുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങൾ ഇല്ലാതെ തല താഴ്ത്തിയാണ് എത്തിയതെങ്കിലും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവെടുപ്പിനുശേഷം തിരിച്ചു ജീപ്പിലേക്ക് കയറുന്പോൾ മുഖത്ത് സങ്കടഭാവം പ്രകടമായിരുന്നു. തുടർന്ന് തെളിവെടുപ്പിനായി ശരണ്യയും കുടുംബവും താമസിച്ച തയ്യിലിലെ വീട്ടിലേക്കാണു കൊണ്ടുപോയത്.
വീട്ടിൽ കയറിയതോടെ ശരണ്യയുടെ അമ്മയും സഹോദരിയും മറ്റു ബന്ധുക്കളും ദുഃഖം താങ്ങാനാവാതെ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. ഇതു കണ്ടുനിന്ന അയൽപക്കക്കാരുടെയും സങ്കടം അണപൊട്ടി. പിന്നീടത് കൂട്ടനിലവിളിയായി മാറി.ഇതിനിടയിൽ പുരുഷൻമാരായ ബന്ധുക്കൾ ശരണ്യയെ ശകാരിക്കുകയും തെറിപറയുകയും ഉച്ചത്തിൽ ബഹളം വയ്ക്കുന്നതും കേൾക്കാമായിരുന്നു. കുഞ്ഞ് അവസാനമായി കിടന്നുറങ്ങിയ മുറിയും ഉപയോഗിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ചു. അവസാനമായി കുടിച്ച പാൽകുപ്പി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശരണ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.