നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ; തെരഞ്ഞെടുപ്പ് ആരംഭത്തില്‍ റിലീസ്

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ തെരഞ്ഞെടുപ്പ് ആരംഭത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനം. ഏപ്രില്‍ 12 നാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഏപ്രില്‍ 11നാണ്. ഇതിന് തൊട്ടു മുന്‍പുള്ള റിലീസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വ്യാപക ആക്ഷേപമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി സിനിമ ഓമങ്ങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഓമങ്ങ് മുന്‍പ് ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസായിരുന്നു പുറത്തിറക്കിയിരുന്നത്.

23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വിവേക് ഒബ്‌റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം. ചിത്രത്തിന്റെ വലിയൊരു ഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഓമങ്ങ് കുമാര്‍ പറയുന്നു. ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും കൂടിയാണ് ചിത്രം നിര്‍മിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top