ന്യൂഡല്‍ഹി: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് മുങ്ങിയ പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി. നാല്‍പ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി അറിയിച്ചത്. എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി രൂപവത്കരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. ഈ ഏജന്‍സി, ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാരായ നാല്‍പ്പത്തഞ്ചു പേരുടെ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനിതാ ശിശുവികസന വകുപ്പു സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയുടെ അധ്യക്ഷന്‍. എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്കു നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതായും മനേക പറഞ്ഞു. എന്നാല്‍ ബില്‍ രാജ്യസഭ പാസാക്കത്തതില്‍ അവര്‍ അമ്പരപ്പു പ്രകടിപ്പിച്ചു. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ബില്‍ കൊണ്ടുവന്നിരുന്നത്.
വിദേശ ഇന്ത്യക്കാരുടെ വിവാഹം ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ക്ക് വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപം നല്‍കിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിനുള്ള ശിക്ഷകള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ തയ്യാറാക്കി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. വിവാഹശേഷം വിദേശത്ത് പോകുന്നവര്‍ ഭാര്യമാരെ ഉപേക്ഷിച്ചാല്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍കൂടി പാസ്പോര്‍ട്ട് നിയമത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്.
വിദേശ ഇന്ത്യക്കാരുടെ വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നാണ് വനിതാ ശിശു ക്ഷേമ മന്ത്രാലയം അറിയിച്ചത്. പരാതികള്‍ നല്‍കാനായി മാത്രം [email protected] എന്ന ഇമെയില്‍ വിലാസമുണ്ട്