നവജാത ശിശുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ വിസ വേണ്ട

നവജാത ശിശുക്കള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ വിസയുടെ ആവശ്യമില്ല. സൗദി വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് അവര്‍ക്ക് വിസ അടിച്ചു നല്‍കാനാണ് തീരുമാനം. നേരത്തേ കുട്ടികള്‍ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് റസിഡന്‍സ് വിസ എടുക്കല്‍ അനിവാര്യമായിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ലെന്നും വിമാനത്താവളത്തുന്ന മുറയ്ക്ക് ഓണ്‍റൈവല്‍ വിസ അടിച്ചുല്‍കുമെന്നും സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് വക്താവ് അറിയിച്ചു. പുതിയ തീരുമാന പ്രകാരം പ്രസവിക്കാനായി നാട്ടിലെത്തി കുട്ടിയുമായി തിരിച്ചുപോകുന്നതിന് മുമ്പ് കുട്ടിക്ക് വിസ എടുക്കുകയെന്ന ബുദ്ധിമുട്ട് കുടുംബമായി സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമില്ലെന്നത് വലിയ ആശ്വാസമാവും. ഇപ്പോള്‍ ഭര്‍ത്താവ് നേരത്തേ സൗദിയിലെത്തി കുട്ടിക്ക് വിസ തയ്യാറാക്കിയ ശേഷം പോസ്‌പോര്‍ട്ട് നാട്ടിലേക്ക് എത്തിക്കുകയയാണ് ചെയ്യുന്നത്. ഏതാനും നിബന്ധനയോടെയാണ് സൗദി അറേബ്യ പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. കുട്ടിക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. അതോടൊപ്പം കുട്ടിയുടെ മാതാപിതാക്കള്‍ സൗദി അറേബ്യയില്‍ റസിഡന്‍സ് വിസയുള്ളവരായിരിക്കണം. അഥവാ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ആണ് മാതാപിതാക്കളുടേതെങ്കില്‍ ഈ സൗകര്യം ലഭിക്കില്ല. എന്നു മാത്രമല്ല കുട്ടിയുടെ മാതാവ് ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ആളായിരിക്കുകയും വേണം. ഭാര്യാ ഭര്‍ത്താക്കന്‍മാരുടെത് തൊഴില്‍ വിസയാണെങ്കില്‍ അവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ കുട്ടികളെ കൊണ്ടുവരാനാവില്ല. വിസനിയമങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റിയെടുക്കുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി ഭരണകൂടം ഇത്തരം പുതിയ പരിഷ്‌ക്കാരങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. വിഷന്‍ 2030 പ്രകാരം നിയമങ്ങള്‍ കുടതലായി ലഘൂകരിക്കുകയും ജനസഹൃദങ്ങളാക്കി മാറ്റുകയും ചെയ്യാനാണ് ഭരണകൂടം വിഭാവന ചെയ്യുന്നത്. സ്ത്രീകള്‍ക്ക് വാഹനോടിക്കുന്നതിനുള്ള വിലക്ക് നീക്കിയതുള്‍പ്പെടെ വിവിധ പരിഷ്‌ക്കാരങ്ങള്‍ക്ക് ഭരണകൂടം ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു.

Top