ഇര്‍മ ഫ്ലോറിഡ തീരത്തേയ്ക്ക്; ഭീതിയോടെ യുഎസ് ജനത; ശക്തിയാര്‍ജ്ജിക്കുമെന്ന് മുന്നറിയിപ്പ്

കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അല്‍പ്പസമയെ കൊണ്ട് അമേരിക്കന്‍ തീരത്തെത്തും. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗതയില്‍ മുന്നേറുന്ന ഇര്‍മ കീസ് ദ്വീപസമൂഹത്തില്‍ നിന്നാണ് ഫ്ലോറിഡയിലേയ്ക്ക് പ്രവേശിക്കുക. കരീബിയന്‍ ദ്വീപിന് പുറമേ ക്യൂബയിലും നാശനഷ്ടങ്ങള്‍ക്കിടയാക്കിയ കാറ്റിന്‍റെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും അമേരിക്കന്‍ തീരത്ത് എത്തുന്നതോടെ ഇര്‍മ ശക്തിയോടെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ പ്രവചനം. ഫ്ളോറിഡയില്‍ ഞായറാഴ്ച ശക്തമായി കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതോടെ കഴിഞ്ഞ ദിവസം ഫ്ളോറിഡയില്‍ നിന്ന് 50 ലക്ഷത്തോളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ഫ്ലോറിഡയ്ക്ക് സമീപത്തുള്ള ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുകയാണ്. കരീബീയന്‍ ദ്വീപുകളിലും ക്യൂബയിലുമായി ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 24 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെല്ലാം പുറമേ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുക്കങ്ങള്‍ ന ടത്തിക്കൊണ്ടിരിക്കുകയാണ് ഫ്ലോറിഡയിലും മറ്റ് സംസ്ഥാനങ്ങളിലും. ഇര്‍മ അമേരിക്കന്‍ തീരത്തേയ്ക്ക് എത്തുന്നതോടെ ശക്തിയാര്‍ജ്ജിക്കുമെന്ന മുന്നറിപ്പുണ്ടായതോടെ ഫ്ലോറിഡയില്‍ നിന്ന് 56 ലക്ഷം പേരെ ഒഴിപ്പിച്ചതായി ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് ഇപ്പോള്‍ ഫ്ലോറിഡ സാക്ഷ്യം വഹിക്കുന്നത്.

Top