മുസ്ലിംകള്‍ക്കെതിരേ വ്യാപക കലാപം നടക്കുന്ന മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ 87,000ത്തോളം റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ഥികളായി ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായി യു.എന്‍. ഗര്‍ഭിണികളും നവജാത ശിശുക്കളും വൃദ്ധജനങ്ങളുമടങ്ങുന്ന സംഘങ്ങളില്‍ പലരും ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ ഏഴും എട്ടും കിലോമീറ്റര്‍ നടന്നാണ് അഭയാര്‍ഥി ക്യാംപുകളിലെത്തിയതെന്നും യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് വക്താവ് വിവിയന്‍ ടാന്‍ അറിയിച്ചു.
പോലിസ്-സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ റോഹിംഗ്യക്കാരുടെ സംഘടനയായ അറകാന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി ആക്രമണം നടത്തിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മ്യാന്‍മര്‍ വാദിക്കുമ്പോള്‍ സൈന്യം തന്നെയാണ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതാണ് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ പക്ഷം. കലാപത്തെ തുടര്‍ന്ന് റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ക്ക് സൈനികര്‍ തീക്കൊടുക്കുന്നതിന്റെയും, അതേത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറംലോകത്തെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ പീഡനം നടക്കുന്ന മ്യാന്‍മറില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിക്കു തൊട്ടുപുറത്തുള്ള പ്രദേശങ്ങളില്‍ താല്‍ക്കാലിക കുടിലുണ്ടാക്കി കഴിയുന്നവര്‍ക്കു പുറമെ 87,000 പേര്‍ ഇത്തവണ പലായനം ചെയ്തതായാണ് യു.എന്‍ കണക്കുകൂട്ടല്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഒന്നര ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലെത്തിയതായാണ് യു.എന്‍ കണക്ക്. അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെക്കാത്ത രാജ്യമായ ബംഗ്ലാദേശ്, അതിര്‍ത്തി കടന്നെത്തുന്നവരെ അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നതായും യു.എന്‍ വക്താവ് അറിയിച്ചു. തങ്ങളുടെ ജന്‍മനാട്ടിലേക്ക് ഇനിയൊരിക്കലും ഒരു തിരിച്ചുപോക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെയാണ് അഭയാര്‍ഥികള്‍ കഴിയുന്നതെന്ന് അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ റോ നേ സാന്‍ ലെവിന്‍ പറഞ്ഞു. മ്യാന്‍മറിലെ ബുത്തിഡോംഗ് മേഖലയില്‍ നിന്നുള്ളവര്‍ എട്ടും മുംഗ്‌ഡോ പ്രദേശത്തു നിന്നുള്ളവര്‍ അഞ്ചും ദിവസം നടന്നാണ് ബംഗ്ലാദേശിലെത്തിയത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ കുതുപലോംഗ്, നയപാര എന്നീ സര്‍ക്കാര്‍ ക്യാംപുകളില്‍ 30,000ത്തോളം പേരാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ താല്‍ക്കാലിക ക്യാംപുകളിലാണ്. ബംഗ്ലാദേശ് സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ പലരും പട്ടിണിയിലും പ്രയാസത്തിലുമാണെന്നും അദ്ദേഹം അറിയിച്ചു. ഈ അവസ്ഥ തുടര്‍ന്നാല്‍ ആളുകള്‍ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയാണ് വാരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബുദ്ധമതാനുയായികള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ 11 ലക്ഷമാണ് മുസ്ലിം ജനസംഖ്യ. കടുത്ത ദാരിദ്ര്യത്തിനിടയില്‍ ക്രൂരമായ വിവേചനങ്ങള്‍ക്കിരയായാണ് അവരവിടെ കഴിയുന്നതെന്ന് യു.എന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വംശ ശുദ്ധീകരണമാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടപ്പില്‍ വരുത്തുന്നതെന്നും യു.എന്‍ ആരോപിക്കുന്നുണ്ട്.