നിര്‍ത്തിയിട്ട കാറുകളില്‍ മോഷണം; രണ്ട് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍

നിര്‍ത്തിയിട്ട കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ട് പാകിസ്താന്‍ പൗരന്‍മാരെ പോലിസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായതായി വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. വ്യവസായ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയ പോലിസ്-സി.ഐ.ഡി സംഘം രാത്രിയിലാണ് സംഘത്തെ പിടികൂടിയത്. ഇവരെക്കുറിച്ച് നേരത്തേ സംശയമുണ്ടായിരുന്നെങ്കിലും രഹസ്യമായി ഇവരെ പിന്തുടര്‍ന്ന സി.ഐ.ഡി വിഭാഗം മോഷണ ശ്രമത്തിനിടെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. ഇരുവരം കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇതേരീതിയില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇവര്‍ക്കെതിരായ കോടതി നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പോലിസ് അറിയിച്ചു. നിര്‍ത്തിയിടുന്ന വാഹനത്തില്‍ സ്വര്‍ണം, പണം പോലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വയ്ക്കരുതെന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലിസ് സ്‌റ്റേഷന്‍ ഡയരക്ടര്‍ ജനറല്‍ ലഫ്. കേണല്‍ അബ്ദുല്ല അല്‍ നഖ്ബി വാഹന ഉടമകളെ അറിയിച്ചു. സാധനങ്ങള്‍ മോഷണം പോവുന്നതോടൊപ്പം വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇത് കാരണമാവുമെന്നും അദ്ദേഹം അറിയിച്ചു.

Top