ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തര്‍ സംബന്ധിച്ച് ആശ്ചര്യമുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഖത്തറിലെ പല കാര്യങ്ങളും പുറത്തുവരുന്നില്ലെന്നും മൂടിവയ്ക്കുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഖത്തറില്‍ എട്ട് ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ഖത്തറിനെതിരേ സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചിട്ട് നാലുമാസത്തോട് അടുക്കുന്നു. മുട്ടുമടക്കാന്‍ ഇതുവരെ ഖത്തര്‍ തയ്യാറായിട്ടില്ല. 2022ല്‍ ഖത്തറിലാണ് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം. അത് ഖത്തറിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. ഈ ഘട്ടത്തിലാണ് വിവാദമാകുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലോകകപ്പിനുള്ള ഒരുക്കം ഖത്തര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയാണിപ്പോള്‍. സ്‌റ്റേഡിയവും മറ്റു സൗകര്യങ്ങളും ഏറെകുറെ ഖത്തറില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. വിദേശികളായ തൊഴിലാളികളാണ് ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ളത്. ഇവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ ഖത്തറില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏതാണ്ട് എട്ട് ലക്ഷത്തോളം വിദേശി തൊഴിലാളികള്‍ ഖത്തറില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവര്‍ ജോലിയില്‍ മുഴുകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്ക കേന്ദ്രമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തര്‍ പുതിയ നിയമം കൊണ്ടുവരണമെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ആവശ്യം. നിരവധി തൊഴിലാളികള്‍ ഖത്തറില്‍ ജോലിക്കിടെ മരിക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു. ഇത്തരം മരണങ്ങള്‍ പുറംലോകം അറിയുന്നില്ല. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ശേഷം കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെടുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്നും സംഘടന പറയുന്നു. ഖത്തറിനെതിരേ സൗദിയും യുഎഇയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് മനുഷ്യാവകാശ സംഘടനയുടെ നിലപാടും. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ ആണ് ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്.
ഖത്തറിലെ തൊഴിലാളികളെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധി നിക്കോളാസ് മക് ഗീഹാന്‍ ഫിഫയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഖത്തറിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. ഈര്‍പ്പം 50 ശതമാനത്തിന് മുകളിലും. ഈ ഘട്ടത്തിലും പുറംജോലി ചെയ്യുന്നവര്‍ക്ക് സമയക്രമീകരണം വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരും ചൂട്. എന്നാല്‍ അതിന് ശേഷമുള്ള മാസങ്ങളിലും ചൂട് കുറവില്ലെന്നാണ് സംഘടനയുടെ ആരോപണം.