ഉപരോധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിര്; യു എന്‍ ഇടപെടണമെന്ന് ഖത്തര്‍

ഖത്തറിനെതിരേ സൗദി സഖ്യം തുടരുന്ന ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍. ഇക്കാര്യത്തില്‍ യു.എന്‍ അടിയന്തരമായി ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധം കാരണം നിരവധി വെല്ലുവിളികള്‍ രാജ്യം നേരിടേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. ഉപരോധവുമായി ബന്ധപ്പെട്ട് 26,000 കേസുകളാണ് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി മുമ്പാകെ എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നാല് ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊണ്ട നിയമവിരുദ്ധ നടപടികള്‍ ഖത്തരികളുടെ പൗരസ്വാതന്ത്ര്യവും സാമ്പത്തികവും സാമൂഹികവും മാനുഷികവുമായ അവകാശങ്ങളും ഹനിക്കുകയാണ്. സ്വന്തം രാജ്യത്ത് നിന്ന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണ് അവര്‍ക്ക് സംജാതമായിരിക്കുന്നത്. ഇത് നിരവധി കുടുംബങ്ങളെ ബാധിക്കുകയും അവരുടെ വിദ്യാഭ്യാസം അവതാളത്തിലാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് ഭീകരവാദ ആരോപണങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണ് ഉപരോധ രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഉപരോധത്തിനു പിന്നിലെ യഥാര്‍ഥ വിഷയം ഭീകരവാദത്തിനെതിരായ പോരാട്ടമല്ല, മറിച്ച് ഖത്തറിന്റെ സ്വതന്ത്രമായ വിദേശ നയത്തില്‍ ഇടപെടുകയും അതിന്റെ പരമാധികാരത്തെ വിലകുറച്ചുകാണുകയുമാണെന്നും വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ രീതിയിലുമുള്ള ഭൂകരവാദത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന രാഷ്ട്രമാണ് ഖത്തര്‍. ഭീകരവിരുദ്ധ സഖ്യത്തില്‍ സജീവ പങ്കാളിയുമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഏത് ചര്‍ച്ചയ്ക്കും ഖത്തര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Top