
തൃശൂര്‍: ചന്ദ്രബോസ് വധത്തിലെ പ്രതി നിസാം ചന്ദ്രബോസിനെ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി കാബിനകത്തുവച്ചു ഒന്നിലേറെ തവണ ചവിട്ടുകയും പൊട്ടിയ ചില്ലുപയോഗിച്ചു പലതവണ കുത്തുകയും ചെയ്തുവെന്നു മൂന്നാം സാക്ഷി ബേബി കോടതിയില്‍ മൊഴി നല്‍കി. തിങ്കളാഴ്ച തുടങ്ങിയ മൂന്നാം സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്നലെയും പൂര്‍ത്തിയായില്ല. തെരഞ്ഞെടുപ്പായതിനാല്‍ ഇന്നും നാളെയും കോടതി അവധിയാണ്. വെള്ളിയാഴ്ച ഇയാളുടെ വിസ്താരം തുടരും.
ഭയന്ന് ഓടിയ ചന്ദ്രബോസ് സെക്യൂരിറ്റി കാബിനകത്തേക്കു കയറി വാതിലടച്ചുവെന്നു ബേബി പറഞ്ഞു. കസേരയുപയോഗിച്ചു വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, സെക്യൂരിറ്റി ബാറ്റണ്‍ ഉപയോഗിച്ചു ജനല്‍ചില്ല് തകര്‍ത്ത് അകത്തു കയറിയ നിസാം ചന്ദ്രബോസിനെ ചവിട്ടുകയും പൊട്ടിവീണ ജനല്‍ ചില്ല് കൊണ്ടു പലതവണ കുത്തുകയും ചെയ്തതായി ബേബി മൊഴിനല്കി.